
രാമേശ്വരം: സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചു എന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കൻ സേന പിടിച്ചെടുത്തു. 30 നോട്ടിക്കൽ മൈൽ അകലെ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ഈ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേന ബോട്ടുകൾ വളഞ്ഞ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യാനായി ശ്രീലങ്കയിലെ കനകേശന്തുറൈ നേവൽ ക്യാമ്പിലേക്ക് കൊണ്ടുപോയി.