അല്‍ഖ്വയ്ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കുമായി ശ്രീലങ്ക

By Web TeamFirst Published Apr 14, 2021, 7:45 PM IST
Highlights

ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് വിലക്കെന്നാണ് ശ്രീലങ്ക വിശദമാക്കുന്നത്. ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ്

കൊളംബോ: അല്‍ ഖ്വയ്ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കുമായി ശ്രീലങ്ക. ഭീകരവാദ ബന്ധമുള്ള 11 ഇസ്ലാമിക് സംഘടനകള്‍ക്കാണ് വിലക്ക്. ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് വിലക്കെന്നാണ് ശ്രീലങ്ക വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം.

ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് അടക്കമുള്ള പ്രാദേശിയ മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്. നേരത്തെ 2019 ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണല്‍ തൗഹാത് ജമാഅത്തും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു.

2019nz ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 270 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ മുന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകള്‍ വിലക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ബുദ്ധിസ്റ്റ് തീവ്രസംഘടനയായ ഫോഴ്സസ് ഓഫ് ബുദ്ധിസ്റ്റ് പവര്‍ എന്ന സംഘടനയും വിലക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിലവിലെ വിലക്കില്‍ ഈ സംഘടനയെ ഉള്‍പ്പെടുത്തിയിട്ടില്ല. 

click me!