ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

Published : Sep 08, 2026, 09:11 AM IST
BAPS Eiffel Tower Visit

Synopsis

പാരീസിൽ ഈഫൽ ടവർ ഇന്നലെ അടച്ചിട്ടു. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സംഘടനയുടെ ഭാഗമായി ഈഫൽ ടവർ സന്ദർശനത്തിന് എത്തിയവരുടെ നിർദേശപ്രകാരം സ്ത്രീ തൊഴിലാളികളെ മാറ്റിനിർത്തി എന്ന് ആരോപിച്ചുള്ള ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് ഈഫൽ ടവർ അടച്ചിട്ടത്.

പാരീസ്: ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സംഘടനയുടെ ഭാഗമായി ഈഫൽ ടവർ സന്ദർശനത്തിന് എത്തിയവരുടെ നിർദേശപ്രകാരം വനിതാ ജീവനക്കാരെ മാറ്റിനിർത്തി എന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. വനിതാ ജീവനക്കാരെ മാറ്റിനിർത്താനുള്ള നിർദേശത്തെ ഈഫൽ ടവർ ജീവനക്കാർ അപലപിച്ചു.

ഹൈന്ദവ സംഘടനയായ ബാപ്സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ ഏജൻസി നൽകിയ നിർദേശമാണ് ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്. പാരീസിൽ പുതിയതായി നിർമ്മിച്ച ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സംഘടന പ്രതിനിധികൾ രാജ്യത്ത് എത്തിയിരുന്നത്. ഇതിനിടെ, ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ, വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു എന്നാണ് റിപ്പോർട്ട്.

ഈഫൽ ടവറിലെ വനിതാ ജീവനക്കാരോടും കരാർ കമ്പനികളിലെ വനിതാ ജീവനക്കാരോടും മാറിനിൽക്കാൻ നിർദേശം നൽകിയിരുന്നതായി ജീവനക്കാർ പ്രസ്താവനയിൽ അറിയിച്ചു. ചിലരോട് തങ്ങളുടെ ജോലിസ്ഥലങ്ങളിൽനിന്ന് മാറി മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും വനിത ജീവനക്കാർക്ക് പകരം പുരുഷന്മാരെ നിയമിച്ചുവെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രതിനിധി സംഘം ഉള്ള സമയത്ത് ചില പ്രത്യേക സ്ഥലങ്ങളിലൂടെ കടന്നുപോകരുതെന്ന് എല്ലാ വനിതാ ജീവനക്കാർക്കും നിർദേശം നൽകിയിരുന്നുവെന്നും ജീവനക്കാർ അറിയിച്ചു.

സ്ത്രീകളായ ജീവനക്കാരെ അവരുടെ ലിംഗഭേദത്തിന്റെ പേരിൽ മാറ്റിനിർത്താനും പകരം മറ്റുള്ളവരെ നിയമിക്കാനുമുള്ള ഔദ്യോഗിക നിർദേശങ്ങളെ അപലപിച്ച ജീവനക്കാർ, ഞെട്ടലും രേഖപ്പെടുത്തി.

സംഭവത്തിൽ പ്രതികരണവുമായി ബാപ്സ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സന്ദർശനം മൂലം ആർക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും പരസ്പര ബഹുമാനത്തിന്റെയും മറ്റുള്ളവർക്കുള്ള സേവനത്തിന്റെയും സാർവത്രിക മൂല്യങ്ങളിൽ തങ്ങൾ പൂർണമായി വിശ്വസിക്കുന്നുവെന്നും ബാപ്സ് അറിയിച്ചു. വനിതാ ജീവനക്കാരെ മാറ്റിനിർത്തിയ നടപടിയെ നിശിതമായി വിമർശിച്ച് ഫ്രാൻസിലെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടൻതന്നെ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവേൽ ഗ്രിഗോറി അറിയിച്ചു. ഫ്രാൻസിൽ സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെടാറില്ലെന്നും ഒരു സിദ്ധാന്തവും ഒരു മതവും രാജ്യത്തിൻ്റെ നിയമങ്ങൾക്ക് മുകളിലല്ലെന്ന് ഫ്രഞ്ച് ലിംഗസമത്വ മന്ത്രി ഒറോർ ബെർഷെ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ചർച്ച; വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ
ഒമാനുമായി ചേർന്ന് ഇറാന്റെ നീക്കം; ഹോർമൂസിൽ പുതിയ പാത തുറക്കുമെന്ന് പ്രഖ്യാപനം