'ശല്യക്കാരി കാമുകി' ഒരു വർഷത്തിൽ കാമുകനയച്ചത് 65,000 മെസ്സേജുകൾ

By Web TeamFirst Published Sep 27, 2021, 5:11 PM IST
Highlights

"ഈ ചെയ്തതിന് ജയിലിൽ ചെന്ന് കിടക്കേണ്ടി വരും" എന്ന് ഓഫീസർ ഓർമ്മിപ്പിച്ചപ്പോൾ "അവന്റെ ആഗ്രഹം അതാണെങ്കിൽ ജയിലിൽ ചെന്ന് കിടക്കാനും ഞാൻ തയ്യാറാണ്..." എന്നായിരുന്നു ജാക്വിലിന്റെ മറുപടി. 

അരിസോണ : ഓൺലൈൻ ആയി ആരെ പരിചയപ്പെടുന്നു എന്നത് വളരെ ശ്രദ്ധിച്ചു തീരുമാനിക്കേണ്ട ഒന്നാണ്. അമേരിക്കയിലെ അരിസോണയിലുള്ള പാരഡൈസ് വാലിയിൽ കഴിയുന്ന ഒരു യുവാവ് അത് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിക്കഴിഞ്ഞിരുന്നു. ഓൺലൈൻ ആയി പരിചയപ്പെട്ട് അടുപ്പത്തിലായ ജാക്വലിൻ എന്ന 33 കാരി, ആദ്യ ഡേറ്റിനു ശേഷം, ഒരുവർഷക്കാലത്തിനിടെ ഇയാൾക്ക് അയച്ചുവിട്ടത് 65,000 -ൽ പരം മെസ്സേജുകളാണ്. എന്നാൽ, ഈ യുവതിയുടെ ശല്യം ചെയ്യൽ (stalking) ഇതിൽ ഒതുങ്ങിയില്ല. യുവാവ് പുറത്തുപോയിരുന്ന സമയം നോക്കി ഇയാളുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ജാക്വലിൻ അയാളുടെ ബാത്ത് ടബ്ബിൽ കയറി കുളിയും തുടങ്ങി. 

CIU makes arrest in stalking case. https://t.co/PlS4T5Agau pic.twitter.com/4sWHHxxb89

— Paradise Valley PD (@PVPolice)

ലെക്സി എന്ന ഡേറ്റിങ് ആപ്പിൽ വെച്ച് പരിചയപ്പെട്ട ജാക്വലിൻ, ആദ്യത്തെ നേരിലുള്ള ഡേറ്റിനു പിന്നാലെ തുരുതുരാ മെസ്സേജുകൾ അയച്ചു വിടാൻ തുടങ്ങിയതോടെ യുവാവ് പ്രതികരിക്കാതെയായി. അത് അവളെ കൂടുതൽ പരിഭ്രാന്തയാക്കി. അവൾ പഴയതിന്റെ ഇരട്ടി മെസേജുകൾ അയാൾക്ക് അയച്ചുവിടാൻ തുടങ്ങി. ഒരു ദിവസം അഞ്ഞൂറിൽ അധികം മെസ്സേജുകൾ കിട്ടിത്തുടങ്ങി. പല മെസ്സേജിലും അയാളെ ശാരീരികമായി ഉപദ്രവിക്കും എന്നുള്ള ഭീഷണി പോലും വരാൻ തുടങ്ങിയതോടെ അയാൾ ജാക്വിലിനെ സകല പ്ലാറ്റ്ഫോമുകളിലും ബ്ലോക്ക് ചെയ്തു കളയുന്നു. അങ്ങനെ ചെയ്താൽ വീട്ടിലേക്ക് വന്ന് അവിടെ താമസമാക്കും എന്നായിരുന്നു അവളുടെ ഭീഷണി. പറഞ്ഞപോലെ അവൾ പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്ത് യുവാവ് ടൗണിൽ ഇല്ലായിരുന്നു എങ്കിലും, വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ തത്സമയം നിരീക്ഷിച്ചു കൊണ്ടിരുന്ന അയാൾ, വീട്ടിൽ അതിക്രമിച്ചു കയറി ബാത്ത് ടബ്ബിൽ കുളിച്ചുകൊണ്ടിരിക്കുന്ന യുവതിയെയാണ് കാണുന്നത്. അതോടെ അയാൾ പോലീസിൽ പരാതിപ്പെടുകയും, അവർ ട്രെസ്‌ പാസിങ്ങിന് യുവതിക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.

"ഈ ചെയ്തതൊക്കെ കുറച്ച് കടന്നുപോയില്ലേ?" എന്ന് ഓഫീസർ ചോദിച്ചപ്പോൾ അവൾ പറഞ്ഞത്,"പ്രണയം എന്നത് തന്നെ അല്പം കടന്നുള്ള ഒരു ചെയ്ത്തല്ലേ സാറേ..." എന്നായിരുന്നു. "ഈ ചെയ്തതിന് ജയിലിൽ ചെന്ന് കിടക്കേണ്ടി വരും" എന്ന് ഓഫീസർ ഓർമ്മിപ്പിച്ചപ്പോൾ "അവന്റെ ആഗ്രഹം അതാണെങ്കിൽ ജയിലിൽ ചെന്ന് കിടക്കാനും ഞാൻ തയ്യാറാണ്..." എന്നായിരുന്നു ജാക്വിലിന്റെ മറുപടി. 

"എന്നെ ഇട്ടേച്ചു പോവരുത്. നിന്നെ ഞാൻ കൊന്നുകളയും. എന്നെ നീ ഒരു കൊലപാതകിയാക്കി മാറ്റരുത് ഡിയർ..."എന്നിങ്ങനെയായിരുന്നു അവൾ യുവാവിനയച്ച സന്ദേശങ്ങൾ. 

എന്തിന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന് ചോദിച്ച പോലീസിനോട്, "അവൻ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു, എനിക്ക് അവനോട് ബന്ധപ്പെടാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു "എന്നാണ് ജാക്വിലിൻ പറഞ്ഞത്. "മറ്റുള്ളവരെപ്പോലെ ഞങ്ങളും വിവാഹിതരാവും എന്ന് ഞാൻ പ്രതീക്ഷിച്ചു. എല്ലാം എത്ര നല്ലതായിരുന്നു. അവൻ എന്റെ സോൾ മേറ്റ് ആണെന്ന് ഞാൻ ധരിച്ചുപോയി. സംഭവിച്ചത് നേരെ മറിച്ചായിരുന്നു" എന്നും അവൾ പറഞ്ഞു. 

ഈ കേസ് സംബന്ധിച്ചുള്ള  അന്വേഷണത്തിനൊടുവിൽ ജാക്വിലിനെതിരെയുള്ള ട്രെസ്‌ പാസിംഗ് കേസുകൾ പിൻവലിക്കപ്പെടുകയും അവളെ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് പറഞ്ഞയക്കുകയുമാണ് കോടതി ചെയ്തത്. 

click me!