മൃഗശാലയിൽ നിന്ന് രണ്ടു പെൻഗ്വിനുകളെ മോഷ്ടിച്ച് ഫേസ്ബുക് വഴി വിറ്റു; മുൻകാവൽക്കാരൻ അറസ്റ്റിൽ

By Web TeamFirst Published Oct 31, 2020, 4:11 PM IST
Highlights

 മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന യുവാവ്, അതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ഈ പണിക്കിറങ്ങിയത്

പ്രെസ്റ്റൻ : താൻ മുമ്പ് കാവൽക്കാരനായി ജോലി ചെയ്തിരുന്ന മൃഗശാലയിൽ രാത്രി ആരുമറിയാതെ അതിക്രമിച്ചു കയറി രണ്ടു പെൻഗ്വിനുകളെ മോഷ്ടിച്ച് കടത്തി അവയെ ഫേസ്‌ബുക്ക് വഴി £9,000 -ന്(ഏകദേശം ഒമ്പതുലക്ഷം രൂപയ്ക്ക്) വിറ്റഴിച്ചതിന്, യുവാവ് അറസ്റ്റിൽ. യുകെയിലെ പ്രെസ്റ്റൻ സ്വദേശിയായ ബ്രാഡ്‌ലി തോമസ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രണ്ടു വർഷം മുമ്പ് തൊഴിലെടുത്തിരുന്ന സൗത്ത് ലേക്ക്സ് സഫാരി സൂവിൽ നിന്നാണ് അതിന്റെ വേലി തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ ഇയാൾ രണ്ടു തവണ കയറിയിറങ്ങി, രണ്ടു പെൻഗ്വിനുകളെ മോഷ്ടിച്ച് കടത്തിയത്. മൂന്നു മക്കാവു തത്തകളെയും 12 സ്പൂൺ ബിൽ കൊറ്റികളെയും ഇയാൾ കട്ടെടുത്തിരുന്നു. ഇവയിൽ പലതും പിന്നീട് മരണപ്പെട്ടു. ഇയാൾ വേലിയിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ആ സംരക്ഷണ കേന്ദ്രത്തിലെ നിരവധി അപൂർവയിനം പക്ഷികൾ രക്ഷപ്പെട്ടു പോകുകയും ഉണ്ടായിരുന്നു. 

താൻ വാങ്ങിയ പെൻഗ്വിനുകൾക്ക് റ്റാഗുകൾ ഉണ്ടായിരുന്നതും കൃത്യമായ പേപ്പർ വർക്ക് ഇല്ലാതിരുന്നതും ഇവ മോഷ്ടിച്ചതാണോ എന്ന സംശയം വാങ്ങിയ വ്യക്തിക്ക് തോന്നിയതാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. റീഫണ്ട് വേണം എന്നാവശ്യപ്പെട്ട് നീങ്ങിയ ഈ കസ്റ്റമർ യുവാവ് പെൻഗ്വിനെ തിരികെ വാങ്ങാൻ വേണ്ടി വന്ന സമയത്ത് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയാണ് ഉണ്ടായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന യുവാവ്, അതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ഈ പണിക്കിറങ്ങിയത് എന്ന് സുഹൃത്തുക്കൾ പറയുന്നു. 

click me!