
ലണ്ടൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടത്താൻ യു.കെ. ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ അറിയിച്ചു. സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും പ്രധാന എണ്ണ ഗതാഗത പാതയിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി 35 രാജ്യങ്ങൾ ഇതിനകം തന്നെ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. സമുദ്രയാത്ര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും കടത്തിവിടുന്നതിനും ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാർമർ വ്യക്തമാക്കി.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ് തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. നിലവിലെ യുദ്ധത്തിന്റെ ആഘാതം ഒരു തലമുറയെ തന്നെ ബാധിക്കുമെന്നും 1970-കളിലെ ഊർജ്ജ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്ക് ശേഷം, പ്രദേശം സുരക്ഷിതമാക്കുന്നതിനായി ഏകോപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങളെ വിമർശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്റ്റാർമറുടെ ഈ നീക്കം. ഇറാനെതിരായ നീക്കങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ കണ്ടെത്തണമെന്ന് ട്രംപ് പരിഹസിച്ചു. കടലിടുക്ക് തിരിച്ചുപിടിക്കാൻ ബ്രിട്ടനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
ഇറാനെതിരായ യു.എസ് - ഇസ്രയേൽ സംയുക്ത യുദ്ധത്തിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്റ്റാർമറും ട്രംപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുഎസും യുകെയും ദീർഘകാല സഖ്യകക്ഷികളാണെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും സ്റ്റാർമർ പ്രതികരിച്ചു. ലോകത്തിലെ എണ്ണ - വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി ആഗോള തലത്തിൽ പണപ്പെരുപ്പത്തിനും ഊർജ്ജ പ്രതിസന്ധിക്കും ഇടയാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam