സമീപദിവസങ്ങളിലൊന്നും ഇറാനെതിരേ പുതിയ സൈനിക ആക്രമണ മുന്നറിയിപ്പുകളൊന്നും ട്രംപ് നടത്തിയിരുന്നില്ല. എന്നാൽ, സാമ്പത്തികസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന ഇറാനിലെ സാഹചര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വാഷിങ്ടൺ: ഇറാനെതിരായ വലിയ സൈനികനീക്കങ്ങളിൽനിന്ന് യുഎസ് പിന്മാറുന്നതായി സൂചന. പകരം ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കാനാണ് യുഎസിന്റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. കഴിഞ്ഞദിവസം ആക്സിയോസിന് നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ ഇറാന്റെ വിസമ്മതം തുടരുന്നതിനിടെയാണ് ഇറാനെതിരേ സാമ്പത്തിക സമ്മർദം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. സമീപദിവസങ്ങളിലൊന്നും ഇറാനെതിരേ പുതിയ സൈനിക ആക്രമണ മുന്നറിയിപ്പുകളൊന്നും ട്രംപ് നടത്തിയിരുന്നില്ല. എന്നാൽ, സാമ്പത്തികസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന ഇറാനിലെ സാഹചര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഞങ്ങൾ വലിയ ബഹളങ്ങൾക്കൊന്നുമില്ല. ഇറാനുമായി ഭാഗികമായ ചർച്ചകളെ നടക്കുന്നുള്ളൂ. ഇറാനിലെ വലിയ പണപ്പെരുപ്പവും അവരുടെ കൈയിൽ പണമില്ലാത്ത സ്ഥിതിയുമെല്ലാം ഞങ്ങൾ വെറുതേ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാൻ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ്. സൈനികർക്ക് ശമ്പളം നൽകാൻ പോലും അവരുടെ കൈയിൽ പണമില്ല. യുഎസിന്റെ നാവിക ഉപരോധം ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് കനത്ത സമ്മർദമുണ്ടാക്കിയിട്ടുണ്ട്. സൈനിക നടപടികൾ ഒഴിവാക്കി ഇറാനെതിരേ സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദം ശക്തമാക്കാൻ അനുവദിക്കണമെന്ന് ഗൾഫിലെ സഖ്യകക്ഷികൾ തന്നോട് ആവശ്യപ്പെട്ടതായും ട്രംപ് ആവർത്തിച്ചു. കാര്യങ്ങളെല്ലാം ശരിയാകുമെന്നും ഇതൊരു ചെസ് കളി പോലെയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകളേക്കാൾ ഉപരിയായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ട്രംപ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ നിലയങ്ങൾ തകർക്കപ്പെട്ടതിനാൽ അവ പുനർനിർമ്മിക്കുന്നത് എളുപ്പമാകില്ലെന്നും ഏതൊരു നീക്കവും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തുമെന്നുമാണ് ട്രംപിന്റെ വിശ്വാസം. അതിനാൽ സൈനിക നടപടികളിലൂടെയല്ലാതെ ഇറാന്റെ സാമ്പത്തിക തകർച്ചയിലൂടെ ലക്ഷ്യം കാണാനാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.


