
മനുഷ്യന്‍റെ നിലനില്‍പ്പിന് മരങ്ങള്‍ വളരെ അത്യാവശ്യമാണ്. മരങ്ങളെ സംരക്ഷിക്കാന്‍ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടകളുടെയും നേതൃത്വത്തില്‍ ലോകത്ത് നടക്കുന്നത്. വേറിട്ടൊരു നിയമം കൊണ്ട് വനനശീകരണം തടയാനും പുതിയ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുകയുമാണ് ഫിലിപ്പീന്‍സ് എന്ന കുഞ്ഞു രാജ്യം.
ഡിഗ്രിയാണെങ്കിലും ഹൈസ്കൂളാണെങ്കിലും ഇനി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മാര്‍ക്ക് മാത്രം മതിയാവില്ല, ഒപ്പം 10 മരങ്ങള്‍ കൂടി നടേണ്ടി വരും. ഓരോ വിദ്യാര്‍ത്ഥിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പത്ത് മരങ്ങള്‍ നടണമെന്നാണ് പുതിയ നിയമം. ആഗോള കാലാവസ്ഥയില്‍ വലിയ മാറ്റമാണ് മരങ്ങള്‍ നശിപ്പിക്കുന്നതു മൂലമുണ്ടാകുന്നതെന്ന് മനസിലാക്കിയാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമം കൊണ്ടു വന്നത്.
ഏകദേശം12 മില്യണ്‍ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഫിലിപ്പീന്‍സില്‍ എലിമെന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. 5 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ കോളേജ് വിജ്യാഭ്യാസവും പൂര്‍ത്തിയാക്കുന്നു. ഇത്തരത്തില്‍ ഒരോ വര്‍ഷവും 175 മില്യണ്‍ പുതിയ മരങ്ങളാണ് നട്ടു വളര്‍ത്താന്‍ സാധിക്കുക.
നിയമം ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തിയാല്‍ ഫിലിപ്പീന്‍സില്‍ 525 ബില്യണ്‍ മരങ്ങളാണ് ഓരോ ജനറേഷനിലും പുതായതായി നട്ടുവളര്‍ത്താന്‍ സാധിക്കുകയെന്നും ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാര്‍ട്ടി വക്താവ് ഗ്രേ അലെഗാനോ വ്യക്തമാക്കുന്നു.
ഫിലിപ്പീന്‍സാണ് ലോകത്തെ വളരെ വേഗത്തില്‍ വനനശീകരണം നടക്കുന്ന ഒരു രാജ്യം. രാജ്യത്തെ വനവിസ്തൃതി ഇരുപതാം നൂറ്റാണ്ടോടുകൂടി 70 ശതമാനത്തില്‍ നിന്നും 20 ശതമാനമായി കുറഞ്ഞു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെ ഇത്തരത്തിലൊരു നിയമം നടപ്പില്‍ വരുത്താന്‍ മുന്‍ കൈയ്യെടുത്തത്.