
സാന്റോ ഡൊമിങ്കോ: വസന്തകാല അവധിക്കായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയ എത്തിയ 20കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിൽ കണ്ടെത്തിയത് നിരവധി ദുരൂഹതകൾ. വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി സുദീക്ഷ കൊണങ്കിയെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്. അമേരിക്കയിൽ സ്ഥിര താമസമാക്കി ഇന്ത്യക്കാരിയാണ് 20കാരിയായ സുദീക്ഷ കൊണങ്കി . പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനിയാണ് സുദീക്ഷ. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്. 24കാരനായ പൊലീസ് നിരീക്ഷണത്തിലുള്ള യുവാവിനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടത്.
ഡൊമിനിക്കൻ റിപ്പബ്ലിക്ക് സ്വദേശിയായ 24കാരൻ ജോഷ്വാ റിബ്ബേയ്ക്കൊപ്പമാണ് സുദീക്ഷ കൊണങ്കിയെ അവസാനം കണ്ടത്. സുദീക്ഷ കൊണങ്കി തങ്ങിയിരുന്ന ഹോട്ടലിൽ തന്നെ താമസിച്ചിരുന്ന വ്യക്തിയാണ് നിലവിൽ പൊലീസ് നിരീക്ഷണത്തിലുള്ള ജോഷ്വാ. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്ത മൊഴികൾ നൽകിയിരിക്കുന്നത് അന്വേഷണത്തെ വലയ്ക്കുന്നുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുദീക്ഷ കൊണങ്കി കടലിൽ വലിയ തിരമാലയിൽ പെട്ടതായാണ് ഇയാൾ ആദ്യം നൽകിയിരുന്ന മൊഴി. പിന്നീട് യുവതി കടലിൽ ഇറങ്ങിയപ്പോൾ മോശം തിരമാലകൾ കണ്ട് 24കാരൻ തിരിച്ച് കയറിയെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയ ഇയാൾ മറ്റൊരു മൊഴിയിൽ മുട്ടറ്റം വെള്ളമുള്ള സ്ഥലത്ത് യുവതി ഇറങ്ങി നിൽക്കുന്നത് കണ്ട ഇയാൾ മദ്യപിച്ച് കടൽത്തീരത്ത് കിടന്ന് മയങ്ങിയെന്നും വിശദമാക്കുന്നുണ്ട്. ഇതിന് പിന്നാലെ താൻ ഉറങ്ങുമ്പോൾ യുവതി ബീച്ചിലൂടെ നടന്ന് നീങ്ങുന്നതാണ് ഒടുവിലായി കണ്ടതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
യുവതി താമസിക്കാൻ തെരഞ്ഞെടുത്ത റിസോർട്ടിനെതിരേയും പരാതികൾ ഉയരുന്നുണ്ട്. വൈകുന്നേരമായതോടെ റിസോർട്ടിൽ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് അതിഥികൾക്ക് ചൂടുകുറഞ്ഞ സ്ഥലങ്ങൾ നോക്കി പോവേണ്ടതെന്നും പരാതി ഉയരുന്നുണ്ട്. മാർച്ച് 6ന് വൈകുന്നേരം റിസോർട്ട് ഹോട്ടലിൽ വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടും ചൂടും പരന്നതിന് പിന്നാലെയാണ് 20കാരിയും സുഹൃത്തുക്കളും കടൽത്തീരത്തേക്ക് എത്തിയത്. റിയു റിപ്പബ്ലിക്ക എന്ന റിസോർട്ടിനേക്കുറിച്ചാണ് പരാതി ഉയരുന്നത്. പകലും രാത്രിയിലും ഇവിടെ വൈദ്യുതി വിച്ഛേദിക്കപ്പെടാറുണ്ട്. പലപ്പോഴും അതിഥികൾ മറ്റ് ആൾക്കാറുടെ മുറികളിലും സ്വിമ്മിംഗ് പൂളിന്റെ സമീപത്തെ കസേരകളിലും ബീച്ചിലും വരെ കിടന്ന് ഉറങ്ങേണ്ട അവസ്ഥയുണ്ടായെന്നും നിരവധിപ്പേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. എഫ്ബിഐ സംഘവും 20കാരിക്കായുള്ള അന്വേഷണത്തിൽ ഭാഗമായിട്ടുണ്ട്.
മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ട് മുൻപുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് 20കാരിയുടെ പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം