
സൂയസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ ചലിച്ച് തുടങ്ങി. സൂയസ് കനാലിലെ തടസ്സം നീങ്ങിയെന്ന് കപ്പൽ കമ്പനി അധികൃതർ അവകാശപ്പെട്ടു. രക്ഷാ ദൗത്യവുമായി കൂടുതല്‍ ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ നീക്കാൻ തുടങ്ങിയത്. 400 മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ കനാലില്‍ ഗുരുതര ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചത് വ്യാഴാഴ്ചയാണ്. മണലില്‍ ഉറച്ച കപ്പലിന് അടിയിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയതായി സൂയസ് കനാല്‍ അതോറിറ്റ് ചെയര്‍മാന്‍ സാമ റാബി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏത് സമയത്തും കപ്പല്‍ ഉറച്ച നിലയില്‍ നിന്ന് മാറിയേക്കുമെന്നാണ് ഒസാമ റാബി വിശദമാക്കുന്നത്. സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ ചരക്കുകപ്പല്‍ മാറാനായി കാത്തിരിക്കുന്നത് നൂറ് കണക്കിന് ചരക്കുകപ്പലുകളാണ്. ഭാരം കുറയ്ക്കാനായി ചരക്കുകപ്പലിലുള്ള 18300 കണ്ടെയ്നറുകള്‍ നീക്കേണ്ടതായി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒസാമ റാബി വിശദമാക്കി. കപ്പലിനെ പൂര്‍ണമായി ചലിപ്പിക്കുന്നതിന് വെല്ലുവിളിയാവുന്നത് ശക്തമായ കാറ്റും തിരയുമാണ്. 20000 ടണ്ണോളം മണലാണ് ഇതിനോടകം കപ്പലിന് ചുവട്ടില്‍ നിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് നീക്കിയിട്ടുള്ളത്. കൂടുതല്‍ കരുത്തുള്ള ഡ്രഡ്ജറുകള്‍ എത്തിച്ച് ഈ ആഴ്ചയുടെ ആദ്യത്തോടെ തന്നെ ചരക്കുകപ്പലിനെ പൂര്‍ണമായി നീക്കാനുള്ള പരിശ്രമത്തിലാണ് ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡച്ച് കമ്പനി.
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‍വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്‍റെ ചുമതലയിലുള്ളത്.
2018ലാണ് ഈ വമ്പന്‍ കപ്പല്‍ നിര്‍മ്മിതമായത്. ഈ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്‍റെ കിടപ്പ്. നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ അവകാശപ്പെടുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കിയിരുന്നു. സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 120 മൈല്‍ (193 കിലോമീറ്റര്‍) നീളമാണ് സൂയസ് കനാലിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam