
കാബൂള്‍: നിരവധി വിരുന്നുകാരും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുമായി അഫ്ഗാനിലെ വിവാഹങ്ങള്‍ പൊതുവേ വർണാഭമാണ്. ഇത്തരമൊരു വിവാഹച്ചടങ്ങിനിടെയാണ് ഇന്നലെ ഒരു ചാവേര്‍ പൊട്ടിത്തെറിച്ച് 63 പേരുടെ ജീവനെടുത്തത്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ വലിയ സ്ഫോടനങ്ങളിലൊന്നാണ് ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ക്ക് നേരെ ഇന്നലെ പ്രാദേശിക സമയം 10.30-ന് ഉണ്ടായത്.
സ്ഫോടനത്തിന് ശേഷം ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സംഭവത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നതാണ്. ചോരയും മനുഷ്യശരീരവും കീറിയ വസ്ത്രങ്ങളും ചെരുപ്പുകളുടെ ഭാഗവും എല്ലാം കൂടിക്കുഴഞ്ഞുള്ള ഭീതിദമായ ചിത്രങ്ങള്‍. വിവാഹ സൽക്കാരത്തിൽ സ്ത്രീകള്‍ക്ക് വേണ്ടി ക്രമീകരിച്ച സ്ഥലത്തുണ്ടായിരുന്ന മൊഹമ്മദ് ഫര്‍ഹാഗ് എന്നയാള്‍ സ്ഫോടനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
'പുരുഷന്മാര്‍ ഇരുന്ന സ്ഥലത്ത് വലിയ ഒരു ശബ്ദം കേട്ടു. എല്ലാവരും വലിയ ശബ്ദത്തിൽ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഇരുപത് മിനിറ്റോളം ഹാള്‍ നിറയെ പുകയായിരുന്നു. പുരുഷന്മാരുടെ ഭാഗത്ത് ഉണ്ടായിരുന്നവർ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലോ ആയിരുന്നു. നീണ്ട രണ്ടു മണിക്കൂറിന് ശേഷവും ഹാളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തേക്ക് എടുത്തുകൊണ്ട് പോകേണ്ടി വന്നു''.
ഇതാദ്യമായല്ല അഫ്ഗാനില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ ഇത്തരത്തിൽ ചാവേർ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായതുകൊണ്ട് തന്നെ പലപ്പോഴും സ്ഫോടനം നടത്തുന്നതിന് തീവ്രവാദികള്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യം വെയ്ക്കാവുന്ന ഒന്നാണ് അഫ്ഗാനിലെ വിവാഹസല്‍ക്കാരങ്ങള്‍. ജൂലൈ 12-ന് അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഒരു വിവാഹസല്‍ക്കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.
താലിബാനുമായി നടത്തിയ സന്ധിസംഭാഷണങ്ങള്‍ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പിന്മാറാന്‍ ആലോചിക്കുന്നതിനിടെയാണ് കാബൂളിലെ ഈ സ്ഫോടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam