'ട്രിപ്പോളിയിൽ നിന്ന് തിരികെ വരൂ, ഇല്ലെങ്കിൽ സഹായിക്കാനാകില്ല': പ്രവാസികളോട് സുഷമാ സ്വരാജ്

By Web TeamFirst Published Apr 19, 2019, 7:55 PM IST
Highlights

ലിബിയയിൽ നിന്ന് ആളുകളെ രക്ഷിച്ചതിന് ശേഷവും അവിടേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടും ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാർ ട്രിപ്പോളിയിലുണ്ട്. എത്രയും പെട്ടെന്ന് തിരികെ വരൂ - വിദേശകാര്യമന്ത്രിയുടെ ട്വീറ്റ്

ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്ന് എത്രയും പെട്ടെന്ന് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ട്വീറ്റ്. ഇപ്പോൾ ലിബിയയിൽ അധികാരത്തിലുള്ള സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറൽ ഖലീഫ ഹഫ്‍താറിന്‍റെ വിമത സൈന്യം ട്രിപ്പോളി വളഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി തിരികെയെത്തണമെന്ന് ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ഞൂറോളം ഇന്ത്യക്കാർ ഇപ്പോഴും ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലുണ്ടെന്നാണ് കണക്ക്. അവരോടാണ് അടിയന്തരമായി തിരികെയെത്താൻ സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്. 

'ലിബിയയിലെ ഇന്ത്യക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടും, ട്രിപ്പോളിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടും, ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാർ ട്രിപ്പോളിയിലുണ്ടെന്നാണ് കണക്ക്. ട്രിപ്പോളിയിലെ അവസ്ഥ ദിവസം തോറും വഷളായി വരികയാണ്. ഇപ്പോൾ വിമാനത്താവളം തുറന്നിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപ്പോളിയിലുണ്ടെങ്കിൽ ഉടൻ മടങ്ങാൻ ആവശ്യപ്പെടുക. അവരെ പിന്നീട് രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.' - സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. 

Even after massive evacuation from Libya and the travel ban, there are over 500 Indian nationals in Tripoli. The situation in Tripoli is deteriorating fast. Presently, flights are operational. /1 PL RT

— Chowkidar Sushma Swaraj (@SushmaSwaraj)

Pls ask your relatives and friends to leave Tripoli immediately. We will not be able to evacuate them later. /2 Pls RT

— Chowkidar Sushma Swaraj (@SushmaSwaraj)

ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ട്രിപ്പോളിയിലും പരിസരപ്രദേശങ്ങളിൽ മരിച്ചത് ഇരുന്നൂറിലധികം പേരാണ്. വിമത സൈന്യം നഗരം വളഞ്ഞതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. സംഘർഷാവസ്ഥയ്ക്ക് അൽപം അയവ് വന്ന സാഹചര്യത്തിലാണ് ട്രിപ്പോളി വിമാനത്താവളം തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉടനടി തിരികെയെത്താനാണ് പ്രവാസി ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്. 

 മുഅമ്മർ അൽ ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറൽ ഖലീഫ ഹഫ്‍താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്. ഗദ്ദാഫിയുമായി പിണങ്ങി അമേരിക്കയിൽ അഭയം തേടിയ ജനറൽ ഹഫ്‍താർ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്.

പ്രധാനമന്ത്രി ഫായിസ് അൽ സെറാജിന്‍റെ സർക്കാരിനെ അംഗീകരിക്കാത്ത സായുധസംഘങ്ങളുടെ പിടിയിലാണിന്ന് ലിബിയ. മനുഷ്യക്കടത്തും അടിമക്കച്ചവടവും അരങ്ങു വാഴുന്ന രാജ്യത്തിന് ആവശ്യം സൈനികഭരണമാണെന്നാണ് ജനറൽ ഹഫ്താറിന്‍റെ വാദം. 

click me!