
ലണ്ടൻ: സുരക്ഷാ ഭീഷണിയെ തുടർന്ന് ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മുൻകരുതലെന്ന നിലയിൽ ടെർമിനലിലെ വലിയൊരു ഭാഗത്ത് ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എയർപോർട്ട് മാനേജ്മെന്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു. ഗാറ്റ്വികിലെ സൗത്ത് ടെർമിനലിലാണ് സംഭവം.
സുരക്ഷാ ഭീഷണി ഉയർത്തിയ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ബാഗേജിൽ നിന്ന് നിരോധിത വസ്തുക്കൾ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂർത്തിയാകുന്നത് വരെ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കില്ലെന്നും മാത്രമാണ് ഔദ്യോഗിക അറിയിപ്പിൽ ഉള്ളത്. 'യാത്രക്കാർ ശാന്തരായി അധികൃതരുമായി സഹകരിക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പരിഗണന നൽകുന്നത്. സാധ്യമാവുന്നത്ര വേഗത്തിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമം" -വിമാനത്താവള അധികൃതർ അറിയിച്ചു.
നേരത്തെ ലണ്ടനിലെ അമേരിക്കൻ എംബസിക്ക് പുറത്ത് സംശയകരമായ നിലയിൽ ഒരു പാക്കറ്റ് കണ്ടെത്തിയതിന് ശേഷം നഗരം അതീവ ജാഗ്രതയിലാണ്. നിയന്ത്രിത സ്ഫോടനം നടത്തിയാണ് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സംശയകരമായ ഈ പാക്കറ്റ് നശിപ്പിച്ചത്. ഇതിനായി പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇവിടേക്കുള്ള പ്രവേശനവും തടഞ്ഞു.
നിയന്ത്രിത സ്ഫോടനം കാരണം പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതിൽ ആശങ്ക വേണ്ടെന്ന് അധികൃതർ പിന്നീട് സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. യുഎസ് എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് ഇപ്പോഴും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. സംശയകരമായ അജ്ഞാത പാക്കറ്റ് കണ്ടെത്തിയ വിവരം അമേരിക്കൻ എംബസിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam