
സിഡ്നി: പരമ്പരാഗത സിഖ് തലക്കെട്ടിന്‍റെ പേരില്‍ സിഖുകാരനായ യുവാവിനെ ഒരു കൂട്ടം ഇന്ത്യൻ വംശജർ ആക്രമിച്ചെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ചായിരുന്നു വംശീയ ആക്രമണം നടന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി വീഡിയോ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ അതീവ ക്രൂരമായ ആക്രമണമാണ് നടന്നത് എന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ഞായറാഴ്ച സിഡ്നി വെസ്റ്റിലെ ഹാരീസ് പാര്‍ക്കിലാണ് സംഭവം. മുന്‍പും വംശീയ ആക്രമങ്ങള്‍ നടന്ന പ്രദേശമാണ് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം പുതിയ സംഘര്‍ഷം പ്രദേശിക സിഖ് വിഭാഗവും, ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഭാഗമാണ് എന്ന റിപ്പോര്‍ട്ടും ഓസ്ട്രേലിയ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. നേരത്തെയും പ്രദേശത്തെ രണ്ട് വിഭാഗത്തിലെയും പ്രമുഖരെ വിളിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കാറിലിരിക്കുന്ന സിഖുകാരനെതിരെ വടിയും, ബാറ്റും മറ്റുമായി ഒരു സംഘം ആക്രമിക്കുകയും കാറിന്‍റെ വിവിധ ഭാഗങ്ങള്‍ തല്ലിപൊളിക്കുന്നതും വ്യക്തമാണ്. കുറഞ്ഞത് കാറിന് 10,000 ഡോളറിന്‍റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഓസ്ട്രേലിയയിലെ 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കാറില്‍ നിന്നും ഈ സിഖുകാരന്‍ ഇറങ്ങിയോടുകയായിരുന്നു.
എന്നാല്‍ അക്രമി സംഘം ഇയാളെ പിന്തുടര്‍ന്ന് വീണ്ടും അക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തന്നെ എല്ലാഭാഗത്ത് നിന്നും ഒന്നായി ആക്രമിക്കുകയായിരുന്നു, ആരാണെങ്കിലും ഇത്തരം സന്ദര്‍ഭത്തില്‍ മരണം വരെ സംഭവിക്കാം - ആക്രമണത്തിന് ഇരയായി പേര് വെളിപ്പെടുത്താത്ത സിഖുകാരന്‍ 7ന്യൂസിനോട് വെളിപ്പെടുത്തി.
അതേ സമയം ഇന്ത്യന്‍ കമ്യൂണിറ്റിക്കുള്ളിലുള്ള ഈ ചേരിതിരിവ് വലിയ തോതില്‍ ബാധിച്ചുവെന്നാണ് പടിഞ്ഞാറന്‍ സിഡ്നിയിലെ ലിറ്റില്‍ ഇന്ത്യ പ്രദേശത്തെ ഭക്ഷണശാല ഉടമകള്‍ അടക്കം പറയുന്നത്. 'എല്ലാം സമാധനപരമായി തീരണം എന്നാണ് ആഗ്രഹം, തമ്മില്‍ തല്ലരുത്. ഇന്ത്യക്കാരന്‍ ഇന്ത്യക്കാരനെ ഉപദ്രവിക്കുന്നതിന് തുല്യമാണിത് - ലിറ്റില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ അസോസിയേഷന്‍ ഭാരവാഹി കമാല്‍ സിംഗ് പറയുന്നു.
ആക്രമണ സാഹചര്യങ്ങള്‍ നിരന്തരം വര്‍ദ്ധിക്കുകയാണ് എന്നാണ് പുതിയ ആക്രമണത്തിന്‍റെ പാശ്ചാത്തലത്തില്‍ സിഖ് സംഘടന നേതാവ് അമര്‍ സിംഗ് പ്രതികരിച്ചത്. ആരാധനാലയം പോലും ലക്ഷ്യം വയ്ക്കുന്ന സാഹചര്യം ഉണ്ടെന്നാണ് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഗ്ലെന്‍വുഡിലെ സംഭവം സൂചിപ്പിച്ച് അമര്‍ സിംഗ് പറയുന്നത്.
അതേ സമയം ന്യൂനപക്ഷമായാലും ഇത്തരം ആക്രമണ സാഹചര്യങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് ന്യൂ സൗത്ത് വെയില്‍ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ പീറ്റര്‍ തെര്‍ട്ട് ടെല്‍ പറയുന്നത്. അതേ സമയം ഹാരീസ് പാര്‍ക്കിലെ ആക്രമണത്തില്‍ പങ്കെടുത്തവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.