തുർക്കി ആക്രമണം; കുർദുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിറിയൻ സർക്കാർ‍

By Web TeamFirst Published Oct 14, 2019, 9:46 AM IST
Highlights

സിറിയയിൽ നിന്ന് അമേരിക്കൻ സേന പിൻമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുർദ്ദുകൾക്ക് നേരെ തുർക്കി ആക്രമണം വ്യാപകമാക്കിയത്.  

ദമാസ്കസ്: വടക്കുകിഴക്കൻ സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. തുർക്കി സേനയുടെ ആക്രമണം ചെറുക്കാൻ കുർദ് വിമതർക്ക് സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചു. അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാമെന്ന് സിറിയൻ സർക്കാർ സമ്മതിച്ചു. അമേരിക്ക സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് കുർദുകൾ സിറിയൻ സർക്കാരിന്റെ സഹായം തേടിയത്.

അതിർത്തിയിൽ ഉടനീളം സൈന്യത്തെ വിന്യസിക്കാമെന്നാണ് സിറിയൻ സൈന്യവുമായി ഉണ്ടാക്കിയ ഉടമ്പടി. ഇതിനിടെ സിറിയയിൽ ബാക്കിയുള്ള 1000 അമേരിക്കൻ സൈനികരെയും പിൻവലിക്കാനുള്ള നടപടി തുടങ്ങിയതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ സേന പിൻമാറിയതിന് പിന്നാലെ സിറിയയിലെ കുർദ്ദുകൾക്ക് നേരെ തുർക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Read More:കുർദുകൾക്കെതിരെ തുർക്കിയുടെ സൈനിക നടപടി തടരുന്നു; കൈയൊഴിയില്ലെന്ന് യുഎസ്

തുർക്കിയുടെ ആക്രമണം അഞ്ചാം ദിവസം കടന്നതോടെ സിറിയയിൽ നിന്ന് 130,000 ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. കുർദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നുണ്ട്. കുർദുകൾ നടത്തിയ പ്രത്യാക്രമണത്തിൽ തു‍ർക്കിയിൽ 18 പേർ കൊല്ലപ്പെട്ടതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 

Read More:സിറിയയിലെ തുർക്കി-കുർദ് യുദ്ധം , കോളടിക്കാൻ പോവുന്നത് ഐസിസിനോ..?

click me!