പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ? എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം തുടങ്ങി

By Web TeamFirst Published Oct 14, 2019, 8:57 AM IST
Highlights

യുഎന്നിന്‍റെയും എഫ്എടിഎഫിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു

പാരീസ്: ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം പാരീസില്‍ തുടങ്ങി. എഫ്എടിഎഫ് നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തിയേക്കും.

നേരത്തെ യുഎന്നിന്‍റെയും എഫ്എടിഎഫിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് യോഗം. യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ്, ആഗോള ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഭീകരവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയാന്‍ യുഎന്‍ സുരക്ഷ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. ലഷ്കര്‍ ഇ ത്വയ്ബ, ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയാത് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്. 

click me!