
ഡമാസ്കസ്: പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും ബുർഖയോ ശരീരം മൂടുന്ന മറ്റ് നീന്തൽ വസ്ത്രങ്ങളോ സ്ത്രീകൾ ധരിക്കണമെന്ന ഉത്തരവുമായി സിറിയ. സിറിയയിലെ ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകൾ പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവ ഒഴികെ ശരീരം മുഴുവൻ മൂടുന്ന നീന്തൽ വസ്ത്രമായ ബുർഖയോ മറ്റ് ‘മാന്യ’മായ വസ്ത്രങ്ങളോ ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പൊതു സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതു മാന്യത സംരക്ഷിക്കുന്നതിനുമാണ് പുതിയ ഉത്തരവെന്ന് സിറിയൻ സ്റ്റേറ്റ് ന്യൂസ് ചാനലായ അൽ-ഇഖ്ബാരിയ അൽ-സൂരിയ റിപ്പോർട്ട് ചെയ്തു.
അതേസമയം, സ്വകാര്യ ബീച്ചുകൾ, ക്ലബ്ബുകൾ, പൂളുകൾ, ഫോർ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു. സിറിയയിലെ പൊതു ബീച്ചുകളിൽ ചില സ്ത്രീകൾ പാശ്ചാത്യ ശൈലിയിലുള്ള നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടിയെന്നും സർക്കാർ പറയുന്നു. സ്ത്രീകൾ നീന്തൽക്കുളത്തിൽ നീന്തൽ വസ്ത്രത്തിന് മുകളിൽ അയഞ്ഞ വസ്ത്രം ധരിക്കണമെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു.
നീന്താത്ത സമയം പുരുഷന്മാരും ഷർട്ട് ധരിക്കണം. പൂളിന് പുറത്തും പൊതുസ്ഥലങ്ങളിലും പുരുഷന്മാരുടെ നെഞ്ച് നഗ്നമാക്കാൻ അനുവാദമില്ലെന്നും പറയുന്നു. എന്നാൽ, നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്നോ മറ്റ് ശിക്ഷാ നടപടികൾ നടപ്പാക്കുമെന്നോ പറഞ്ഞിട്ടില്ല. ബീച്ചുകളിൽ നിരീക്ഷണത്തിന് ലൈഫ് ഗാർഡുകളെയും സൂപ്പർവൈസർമാരെയും നിയമിക്കുമെന്നും പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക വിമത സേന ബഷാർ അൽ-അസദിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണത്തിലേറിയത്. അധികാരമേറ്റയുടനെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ താൻ യോജിക്കുന്നുവെന്നും സ്ത്രീകളുടെ അവകാശങ്ങൾ വെട്ടിക്കുറച്ചിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഒരു പതിപ്പായി സിറിയയെ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും അഹമ്മദ് അൽ-ഷറ പറഞ്ഞിരുന്നു.