
ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ അധികാരക്കൈമാറ്റത്തിൻ്റെ തുടർ ചലനങ്ങൾ. അവസരവാദിയും അപകടകാരിയും ആയ കൊടും ഭീകരൻ ആണ് സിറിയയുടെ ഭരണം ഏറ്റെടുക്കാൻ ഒരുങ്ങുന്ന അബു മുഹമ്മദ് അൽ - ജുലാനി. 42കാരനായ അബു മുഹമ്മദ് അൽ -ജുലാനി ആണ്, അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരനായ അബു മുഹമ്മദ് അൽ - ജുലാനി മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും, അൽ-ജുലാനിയുടെ അൽഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭയപ്പെടുത്തുന്നുണ്ട്. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബകർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് അബു മുഹമ്മദ് അൽ -ജുലാനി.
അമേരിക്കയും ഇസ്രായേലും ഇസ്‌ലാമിന്റെ ശത്രുക്കൾ എന്ന് പ്രഖ്യാപിച്ച സൈന്യതലവൻ, ഒടുവിൽ അമേരിക്കൻ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് നിർമിച്ച മിതവാദി പ്രതിച്ഛായയിലൂടെ യുഎസ് ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ തന്ത്രശാലി. സൗദിയിൽ ജനിച്ച് ഏഴാം വയസ്സിൽ കുടുംബത്തിനൊപ്പം സിറിയയിലേക്ക് മാറിയ അഹമദ് ഹുസൈൻ അൽ ഷറാ, സെപ്റ്റംബർ 11ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായത്. 2003 മുതൽ 5 വർഷം ഇറാഖി ജയിലിലാണ്. 2011ൽ അൽ ഖ്വയദായുടെ സിറിയൻ വിഭാഗം ജബത്ത് അൽ നുഷ്റ (jabhat -al -nushra) രൂപീകരിച്ച് അസദിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി.
എന്നാൽ അൽ നുഷ്റ ഐഎസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. പാശ്ചത്യശക്തികൾ ഐഎസിനു പിന്നാലെ തിരിഞ്ഞപ്പോൾ, സിറിയയിലെ ഇദ്ലിബിൽ സ്വന്തം സാമ്രാജ്യം ഉയർത്തി കരുത്തനായി മാറുകയായിരുന്നു അൽ ജുലാനി. അൽ ഖ്വയദ് പശ്ചാത്തലം ഭാരം എന്ന തിരിച്ചറിവിൽ ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രിർ അൽ ഷാം (hayat -tahrir -al -sham) എന്ന് മാറ്റിയും നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളിൽ പൊതുവേദികളിൽ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തി. അതിനിടയിലും തുർക്കി, ചെച്ചെ്ന്ന്യ, ഇറാഖ്, മധ്യേഷ്യ തുടങ്ങി വിവിധ സ്ഥലങ്ങളിലെ യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘടന കരുത്താർജിച്ചു. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുമ്പോഴും ഇഡലിബിലെ ഭരണസമിതിയിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം ഇല്ലാത്തത് അൽ ജുലാനിയുടെ തനിനിറം തെളിയിക്കുന്നതാണ്. വിമർശകരുടെ തലവെട്ടുകയും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക ആത്യന്തിക ലക്ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് അൽ ജോലാനി ആഗോള ഭീകരതയുടെ അടുത്ത പോസ്റ്റർ ബോയ് ആകുമോ എന്നാ ആശങ്ക ഉയർത്തുന്നുണ്ട് സിറിയയിലെ കാഴ്ചകൾ.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam