
ഏതൻസ്: ജനസംഖ്യാ ഇടിവ് അപകടകരമായ നിലയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ വൻ നികുതി ഇളവുകളും സാമ്പത്തിക പ്രോത്സാഹനവുമായി ഗ്രീസ്. യൂറോപ്പിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ ഗ്രീസിൽ വലിയ രീതിയിലുള്ള ജനസംഖ്യാ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി 1.6 ബില്യൺ (ഏകദേശം 1,65,44,00,00,000 രൂപ) ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. മെഡിറ്ററേനിയൻ രാഷ്ട്രം നേരിടുന്ന അഭൂതപൂർവ്വമായ ജനസംഖ്യാ പ്രതിസന്ധിയെ നേരിടാനുള്ള നീക്കമെന്നാണ് വലിയ രീതിയിലെ സാമ്പത്തിക പ്രോത്സാഹനങ്ങളേക്കുറിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് പറയുന്നത്. ജീവിത ചെലവ് കൂടുന്നതാണ് കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്നതിന് കാരണമാകുന്നതെന്ന് മനസിലാവുന്നതായും ഗ്രീസ് പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ചയാണ് നയങ്ങളിൽ മാറ്റം വരുത്താനുള്ള പ്രഖ്യാപനം ഗ്രീസ് പ്രധാനമന്ത്രി നടത്തിയത്. എല്ലാ നികുതി ഘടനകൾക്കും 2 ശതമാനം കുറവ് മുതൽ നാല് കുട്ടികളുള്ള താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് പൂജ്യം ശതമാനം നികുതി നിരക്ക് വരെയുള്ള നടപടികൾ 2026 ൽ നടപ്പിലാക്കുമെന്ന് ഗ്രീസ് പ്രധാനമന്ത്രി ഞായറാഴ്ച വിശദമാക്കി.
50 വർഷത്തിലേറെയായി ഗ്രീസിൽ നടപ്പിലാക്കിയ ഏറ്റവും ധീരമായ നികുതി പരിഷ്കരണമാണ് ഇതെന്നാണ് കിരിയാക്കോസ് മിത്സോട്ടാക്കിസ് വിശദമാക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഫെർട്ടിലിറ്റി റേറ്റ് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഒരു സ്ത്രീയ്ക്ക് അവരുടെ ആകെ ജീവിത കാലത്ത് ജന്മം നൽകുന്ന കുട്ടികളുടെ എണ്ണം ഗ്രീസിൽ 1.4 ആണ്. റീപ്ലേസ്മെന്റിനേക്കാളും കുറവാണ് ഇത്. അതിനാൽ തന്നെ നിലവിലെ പ്രശ്നം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് കിരിയാക്കോസ് മിത്സോട്ടാക്കിസ് വിശദമാക്കുന്നത്.
നിലവിലെ രീതിയിൽ പോയാൽ 10.2 ദശലക്ഷം ആളുകളാണ് ഗ്രീസിലുള്ളത്. 2050ഓടെ ഇത് 8 ദശലക്ഷമായി കുറയാനാണ് സാധ്യത. ഇതിൽ 36 ശതമാനവും 65 വയസിന് മുകളിൽ പ്രായമുള്ളവരാകുമെന്നാണ് വിലയിരുക്കൽ. രാജ്യത്ത് 15 വർഷങ്ങൾക്ക് മുൻപുണ്ടായ സാമ്പത്തിക മാന്ദ്യ സമയത്തെ അപേക്ഷിച്ച് ഫെർട്ടിലിറ്റി റേറ്റ് പകുതിയായി കുറഞ്ഞുവെന്നാണ് ഗ്രീസ് ധനകാര്യമന്ത്രി വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam