
ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. 2022 ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപിൽ. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താൻ കപിൽ ഏജൻ്റിന് നൽകിയത്. പിന്നാലെ അമേരിക്കയിൽ അറസ്റ്റിലായ ഇദ്ദേഹം, നിയമപരമായി പുറത്തിറങ്ങി. ഇവിടെ തന്നെ ജോലി ചെയ്യാനും തുടങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടിലുള്ള രണ്ട് സഹോദരിമാരുടെയും അച്ഛൻ്റെയും ഏക ആശ്രയമായിരുന്നു യുവാവ്.
താൻ ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ അമേരിക്കക്കാരനായ ഒരാൾ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് കപിലും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പ്രതി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചുവെന്നുമാണ് പൊലീസിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അമേരിക്കയിലുള്ള കപിലിൻ്റെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യപ്പെട്ട് അധികൃതരെ കാണുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam