
തായ്പേയി: തായ്വാനെതിരെ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിക്കുമെന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്വാന്‍. തായ്വാന്‍റെ ഭൂപ്രദേശം ലക്ഷ്യമാക്കി ചൈന കഴിഞ്ഞ വാരം പോര്‍വിമാനങ്ങള്‍ അയച്ച് പ്രകോപനം സൃഷ്ടിച്ച സംഭവത്തിലാണ് തായ്വാന്‍റെ ശക്തമായ പ്രതികരണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി തായ്പേയിയും ബീയജിംഗും തമ്മിലുള്ള ബന്ധം അസ്വരസ്യങ്ങള്‍ നിറഞ്ഞതാണ്, അതിന്‍റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ തായ്വാന്‍ ചൈനയ്ക്ക് തക്കീത് നല്‍കാന്‍ ഇടയാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. വെള്ളി ശനി ദിവസങ്ങളില്‍ ഏതാനും ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്വാന്‍ കടലിടുക്കിന്‍റെ മധ്യത്തിലൂടെ പറന്നിരുന്നു. ഇത് തിരിച്ചറിഞ്ഞ തായ്വാന്‍ പ്രതിരോധ വിഭാഗം ഉടന്‍ തന്നെ ഈ വിമാനങ്ങളെ തടയാന്‍ പോര്‍വിമാനങ്ങള്‍ ഒരുക്കിയെന്നാണ് തായ് പ്രസിഡന്‍റ് തിസായ് ഇങ്-വെന്‍ അറിയിച്ചത്. ചൈന മേഖലയിലെ ഭീഷണിയാണ് എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് തായ് പ്രതിരോധ മന്ത്രി രംഗത്ത് എത്തിയത്. ചൈനയില്‍ നിന്നും വലിയതോതിലുള്ള പടക്കപ്പലും, വിമാനങ്ങളും ഉപയോഗിച്ചുള്ള ഭീഷണിയും വിരട്ടലുമാണ് ഈ വര്‍ഷം ഇതുവരെ ഉണ്ടായത്. ഇതിനെതിരെ സ്വയം പ്രതിരോധത്തിനും, എതിര്‍ ആക്രമണത്തിനും എല്ലാ അവകാശവും തായ്വാനുണ്ടെന്ന് ശത്രുരാജ്യം ഓര്‍ത്താല്‍ നന്ന് - തായ്വാന്‍ പ്രതിരോധ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ഏതിരാളിയെ തായ്വാന് ഭയമില്ല, കാര്യങ്ങള്‍ വഷളാക്കാതിരുന്നാല്‍, ഭാവിയില്‍ വലിയ സംഭവങ്ങള്‍ക്ക് തിരികൊളുത്തുന്നത് തടയാന്‍ കഴിയുമെന്ന് ചൈനയുടെ പേര് എടുത്ത് പറയാതെ തായ് പ്രതിരോധ മന്ത്രി പറഞ്ഞു. അതേ സമയം കഴിഞ്ഞ വാരം മുതിര്‍ന്ന അമേരിക്കന്‍ പ്രതിനിധി സംഘം തായ്പേയി സന്ദര്‍ശിച്ചിരുന്നു. ഇതില്‍ അതൃപ്തി ചൈന പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ചൈനീസ് വിമാനങ്ങള്‍ തായ് കടലിടുക്കിലൂടെ പറന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam