ഉന്നത നേതാവ് അഖുന്‍സാദ മരിച്ചിട്ടില്ലെന്ന് താലിബാന്‍; മതപഠനശാല സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 31, 2021, 4:38 PM IST
Highlights

കാണ്ഡഹാര്‍ സിറ്റിയിലാണ് അഖുന്‍സാദ എത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് ശേഷവും അഖുന്‍സാദ പൊതുപരിപാടികളില്‍ പങ്കെടുക്കകയോ ആളുകള്‍ക്ക് മുന്നിലെത്തുകയോ ചെയ്തിരുന്നില്ല.
 

കാബൂള്‍: മരിച്ചെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ താലിബാന്‍ (Taliban) ഉന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ (Haibatullah Akhundzada) പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ (Kandhahar) സിറ്റിയിലാണ് അഖുന്‍സാദ എത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് ശേഷവും അഖുന്‍സാദ പൊതുപരിപാടികളില്‍ പങ്കെടുക്കകയോ ആളുകള്‍ക്ക് മുന്നിലെത്തുകയോ ചെയ്തിരുന്നില്ല.

തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. കാണ്ഡഹാറിലെ മതപഠനശാലയായ ജാമിയ ദാറുല്‍ അലൂം ഹകീമിയയില്‍ അഖുന്‍സാദ സന്ദര്‍ശനം നടത്തിയെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സെപ്റ്റംബറിലാണ് താലിബാന്‍ അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കിയത്. ഇറാന്‍ മാതൃകയില്‍ രാജ്യത്തിന്റെ പരമോന്നത നേതാവായി അഖുന്‍സാദ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭരണരംഗത്ത് പ്രത്യക്ഷമായി അഖുന്‍സാദ ചുമതലകള്‍ ഏറ്റെടുത്തില്ല.

പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ താലിബാന്‍ പരിപാടികളിലെ ചിത്രങ്ങളിലോ അഖുന്‍സാദ ഉണ്ടാകാതിരിക്കുകയോ ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. 2016 മെയ് മാസത്തിലാണ് അവസാനമായി അഖുന്‍സാദയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇയാളുടെ ആരോഗ്യത്തെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മുമ്പ് താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് താലിബാന്‍ സ്ഥിരീകരിച്ചത്.

click me!