
കാബൂള്‍: അഫ്ഗാന്‍ യുവതികളെ താലിബാന്‍ ഭീകരവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ പിടിച്ചെടുത്ത പ്രവിശ്യകളിലെ സൈനികരെ വധശിക്ഷക്ക് വിധേയരാക്കുന്നതായും പൗരന്മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ പിടിച്ചെടുത്ത പ്രവിശ്യകളില്‍ നിന്ന് കാബൂളിലേക്കുള്ള കുടിയേറ്റം തുടരുകയാണ്. പ്രകോപനമില്ലാതെയാണ് താലിബാന്‍ ഭീകരവാദികള്‍ ജനങ്ങള്‍ക്കുനേരെ അക്രമമഴിച്ചുവിടുന്നത്. കീഴടങ്ങിയ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും വധിക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. അവിവാഹിതരായ യുവതികളോട് താലിബാന്‍ ഭീകരവാദികളുടെ ഭാര്യയാകാനും നിര്‍ബന്ധിക്കുന്നു- മനുഷ്യാവാകാശ സംഘടനയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കീഴടങ്ങിയ പട്ടാളക്കാരെ വധശിക്ഷക്ക് വിധേയരാക്കിയ നടപടിയെ യുഎസ് എംബസി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യുദ്ധക്കുറ്റങ്ങളെ നിയമവത്കരിക്കുകയാണ് താലിബാന്‍ ചെയ്യുന്നതെന്നും യുഎസ് കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ താലിബാന്‍ പ്രവിശ്യകള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച രാജ്യത്തെ പ്രധാന നഗരമായ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ പല രാജ്യങ്ങളും എംബസി ഒഴിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു. നിലവില്‍ 12 പ്രവിശ്യകളാണ് താലിബാന്‍ നിയന്ത്രണത്തിലുള്ളത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം സമാധാനം പുനസ്ഥാപിക്കുന്നതിനായി താലിബാനുമായി അധികാരം പങ്കിടാന്‍ സമ്മതമാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam