യുഎൻ ഇളവ് നൽകി, താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; വഴിയൊരുങ്ങുന്നത് വലിയ മാറ്റങ്ങൾക്ക്

Published : Oct 03, 2025, 08:57 AM IST
 Amir Khan Muttaqi India visit

Synopsis

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. കാബൂളിൽ ദീർഘകാലമായി സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ സന്ദർശനം തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാബൂൾ: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാബൂളിൽ ദീർഘകാലമായി സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ സന്ദർശനം തിരിച്ചടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

ഈ വർഷം ആദ്യം 80,000ത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം താലിബാനുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇത് ഇന്ത്യയ്ക്ക് ഇടപെടാൻ നയതന്ത്രപരമായ ഇടം തുറന്നു കൊടുത്തു. അഫ്ഗാൻ വിദേശ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാനും തയ്യാറാണെന്നതിന്‍റെ സൂചനയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു. ഒക്ടോബർ 10-ന് നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ച വഴിത്തിരിവായേക്കാം. ഇത് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തിലേക്ക് നയിച്ചേക്കാം. ഇത് ദക്ഷിണേഷ്യയിലെ അധികാര സമവാക്യങ്ങളെ മാറ്റിയെഴുതാനിടയുണ്ട്. 

മുത്തഖിക്ക് ഒക്ടോബർ 9നും 16നും ഇടയിൽ ദില്ലി സന്ദർശിക്കുന്നതിന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരീകരിച്ചു. ഇന്ത്യൻ നയതന്ത്ര വൃത്തങ്ങൾ നേരത്തെ തന്നെ മുത്തഖിയുമായി ചർച്ച നടത്തിയിരുന്നു. ഈ ജനുവരി മുതൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജെ പി സിംഗ് എന്നിവർ മുത്തഖിയുമായും മറ്റ് താലിബാൻ നേതാക്കളുമായും നിരവധി തവണ ചർച്ചകൾ നടത്തി. പലപ്പോഴും ദുബൈ പോലുള്ള ഇടങ്ങളിലാണ് കൂടിക്കാഴ്ചകൾ നടന്നത്. അഫ്ഗാന് ആരോഗ്യ മേഖലയിലും അഭയാർത്ഥി പുനരധിവാസത്തിനുമുള്ള ഇന്ത്യയുടെ മാനുഷിക സഹായമായിരുന്നു പ്രധാന ചർച്ചാ വിഷയം.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ

ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെ മെയ് 15ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുത്തഖിയുമായി ഫോണിൽ സംസാരിച്ചതോടെയാണ് ഇന്ത്യ-അഫ്ഗാൻ ചർച്ചകളിൽ നിർണായക വഴിത്തിരിവുണ്ടായത്. 2021ന് ശേഷമുള്ള ആദ്യ മന്ത്രിതല ബന്ധമായിരുന്നു ഇത്. ആ ചർച്ചയിൽ പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചതിന് ജയശങ്കർ നന്ദി അറിയിച്ചു. അഫ്ഗാൻ ജനതയോടുള്ള ഇന്ത്യയുടെ പരമ്പരാഗതമായ സൗഹൃദം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സംസാരിക്കവെ, കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു. ഈ സുപ്രധാന പ്രസ്താവന, മേഖലയിൽ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിനെതിരെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒരേ നിലപാടിലാണെന്ന് സൂചിപ്പിച്ചു.

അതിനുശേഷം അഫ്ഗാനിസ്ഥാന് ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, വികസനത്തിനുള്ള സഹായം എന്നിവ നൽകി ഇന്ത്യ നേരിട്ടുള്ള മാനുഷിക സഹായം വിപുലീകരിച്ചു. ഊർജ്ജ മേഖലയിലെ പിന്തുണ മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ നിരവധി ആവശ്യങ്ങൾ താലിബാൻ ഭരണകൂടം ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ അഫ്ഗാനിൽ വലിയ നാശം വിതച്ച ഭൂകമ്പമുണ്ടായപ്പോൾ, 15 ടൺ ഭക്ഷ്യവസ്തുക്കളും ടെന്‍റുകളും അതിവേഗം ഇന്ത്യ എത്തിച്ചു. പിന്നാലെ, മരുന്നുകൾ, ശുചിത്വ കിറ്റുകൾ, പുതപ്പുകൾ, ജനറേറ്ററുകൾ എന്നിവ ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളും അയച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ അഫ്ഗാൻ ജനതയെ സഹായിക്കുന്നതിൽ ഇന്ത്യക്കുള്ള പ്രതിബദ്ധതയായി ഇത് വിലയിരുത്തപ്പെട്ടു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം, ഇന്ത്യ അഫ്ഗാനിസ്ഥാന് ഏകദേശം 50,000 ടൺ ഗോതമ്പ്, 330 ടണ്ണിലധികം മരുന്നുകളും വാക്സിനുകളും, 40,000 ലിറ്റർ കീടനാശിനികൾ എന്നിവ നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്