
ദില്ലി: അഫ്ഗാനിസ്ഥാൻ തങ്ങളുടെ പ്രദേശം ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യക്ക് ഉറപ്പുനൽകി. ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിൽ നടന്ന അപൂർവ ഉന്നതതല നയതന്ത്ര ചര്‍ച്ചയിലാണ് ഇക്കാര്യം അഫ്ഗാൻ മന്ത്രി വ്യക്തമാക്കിയത്. ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറുമായി അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുത്തഖി ഈ പ്രഖ്യാപനം നടത്തിയത്.
ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുത്തഖി, ജയ്‌ശങ്കറുമായുള്ള സംഭാഷണങ്ങൾ ഫലപ്രദവും ക്രിയാത്മകവുമായിരുന്നു എന്ന് വിശേഷിപ്പിച്ചു. വ്യാപാരം, വികസനം, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. "അഫ്ഗാനിസ്ഥാനിലെ വികസന പദ്ധതികൾ തുടരാനും അവയുടെ വ്യാപ്തി വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളിലും വെള്ളപ്പൊക്കത്തിലും ഇന്ത്യ നൽകിയ മാനവിക പിന്തുണയ്ക്ക് മുത്തഖി നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദ്വികക്ഷീയ വ്യാപാരത്തിലെ തടസങ്ങൾ നീക്കുന്നതിനായി ഒരു സംയുക്ത വ്യാപാര സമിതിക്ക് രൂപം നൽകാൻ തീരുമാനിച്ചതായും മുത്തഖി അറിയിച്ചു. 2021-ലെ താലിബാൻ അധികാരമേറ്റ ശേഷം നിലച്ച സാമ്പത്തിക ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാനെതിരെ മുന്നറിയിപ്പ്
സുരക്ഷാ കാര്യത്തിൽ, പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ താലിബാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് മുത്തഖി വിശദീകരിച്ചു. "സുരക്ഷാ സഹകരണത്തെക്കുറിച്ച് ഞങ്ങൾ വിശദമായ ചർച്ച നടത്തി. അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ല. ഈ വിഷയത്തിൽ ഇരുപക്ഷവും ബന്ധം തുടരും," മുത്തഖി പറഞ്ഞു. മേഖലയിലെ തീവ്രവാദ ശൃംഖലകളെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല ആശങ്കകൾ ലഘൂകരിക്കുന്നതിനുള്ള സന്ദേശമായിരുന്നു ഈ വാക്കുകൾ.
ഇതിനിടെ, പാകിസ്ഥാനെതിരെ മുത്തഖി ശക്തമായ മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും ഇതുപോലുള്ള സമീപനത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഇസ്‌ലാമാബാദിന് മുന്നറിയിപ്പ് നൽകി. "അഫ്ഗാൻ ജനതയുടെ ക്ഷമയെയും ധൈര്യത്തെയും ചോദ്യം ചെയ്യരുത്. അറിയാത്തവർ ബ്രിട്ടീഷുകാരോടോ, സോവിയറ്റുകളോടോ, അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായും പാകിസ്ഥാനുമായും സമാധാനപരവും സൗഹൃദപരവുമായ ബന്ധം വേണമെന്ന് താലിബാൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ അത് ഏകപക്ഷീയമായ സമീപനത്തിലൂടെ സാധ്യമല്ലെന്നും മുത്തഖി പറഞ്ഞു. ജയ്‌ശങ്കർ-മുത്തഖി കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിലവിലുള്ള വികസന സഹായത്തിനും ഭാവി സുരക്ഷാ സഹകരണത്തിനുമാണ് പ്രാഥമികമായി ശ്രദ്ധ നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, പാർലമെന്‍റ് മന്ദിരം എന്നിവയുൾപ്പെടെ അഫ്ഗാനിസ്ഥാനിലെ വിവിധ പുനർനിർമ്മാണ പദ്ധതികളിൽ ഇന്ത്യ മൂന്ന് ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്.