2021ന് ശേഷം ആദ്യമായി പാക്കിസ്ഥാനോട് കടുപ്പിച്ച് അഫ്ഗാൻ ആഭ്യന്തര മന്ത്രി, 'ഈ കളി ഇനി തുടര്‍ന്നാൽ വലിയ വില നൽകേണ്ടി വരും'

Published : Oct 31, 2025, 12:58 PM IST
Afghanistan Pakistan

Synopsis

അതിർത്തി സംഘർഷങ്ങൾക്കിടെ, പാകിസ്ഥാൻ തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി ആരോപിച്ചു. പ്രകോപനം തുടർന്നാൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.  

കാബൂൾ: അതിർത്തി സംഘർഷങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയും സമാധാന ചർച്ചകൾ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങൾ അതിർത്തിക്ക് അപ്പുറത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പാകിസ്ഥാൻ എന്ന് ഹഖാനി ആരോപിച്ചു. ഫയർഫൈറ്റിംഗ് ഡയറക്ടറേറ്റിന്റെ പരിശീലന സെമിനാറിന്റെ സമാപന സമ്മേളനത്തിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ സൂചന നൽകുന്നതായിരുന്നു.

"ഈ തെറ്റിന് വലിയ വില നൽകേണ്ടി വരും"

പാക്കിസ്ഥാനെ ലക്ഷ്യമിട്ടായിരുന്നു ഹഖാനിയുടെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ആഭ്യന്തര പ്രശ്നങ്ങളുണ്ടാകാം, പക്ഷേ അവർ വിദേശ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടാണ്. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുവരികയും ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ, ഈ തെറ്റിന് നിങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് പാകിസ്ഥാന് അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.

അടുത്തിടെ താലിബാൻ സൈന്യവും പാകിസ്ഥാൻ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. അതിർത്തി കടന്നുള്ള ഭീകരത, യുഎസ് ഡ്രോൺ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് തുർക്കി മധ്യസ്ഥത ചെയ്‌ത സമാധാന ചർച്ചകൾ നേരത്തെ പരാജയപ്പെട്ടിരുന്നു.

താലിബാൻ നേതൃത്വത്തിലെ ശക്തനായ നേതാവും ഹഖാനി നെറ്റ്‌വർക്കിന്റെ തലവനുമായ സിറാജുദ്ദീൻ ഹഖാനി, തങ്ങൾക്ക് പരിമിതമായ ആയുധങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും പ്രതിരോധിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. "ഞങ്ങളുടെ പക്കൽ ദീർഘദൂര മിസൈലുകളോ ശക്തമായ ആയുധങ്ങളോ ഇല്ല, പക്ഷേ ഞങ്ങളുടെ നിശ്ചയദാർഢ്യം ശക്തമാണ്," അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ ക്ഷമ വീണ്ടും പരീക്ഷിച്ചാൽ, പ്രതികരണം ശക്തമായിരിക്കും" പാകിസ്ഥാൻ്റെ ആഭ്യന്തര അസ്ഥിരതയെക്കുറിച്ചും സൂചനകളും അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഉണ്ടായിരുന്നു. "അവരുടെ പ്രശ്‌നങ്ങൾ ആഭ്യന്തരമായി പരിഹരിക്കാൻ പാകിസ്ഥാനോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഓരോ രാജ്യവും അവരുടെ മാതൃരാജ്യത്തിന്റെ പ്രയോജനത്തിന് മുൻഗണന നൽകണം, അത് പറ്റാതെ വരുമ്പോൾ അത് മറ്റൊരു രാജ്യത്തിന്റെ തലയിൽ വയ്ക്കരുതെന്നും ഹഖാനി കൂട്ടിച്ചേർത്തു.

ചരിത്രപരമായ പ്രതീക്ഷയും തകർച്ചയും

പാകിസ്ഥാൻ്റെ ആഭ്യന്തര സുരക്ഷാ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അതിർത്തിയിലെ സംഘർഷങ്ങൾ ഉപയോഗിക്കുന്നതെന്ന് അഫ്ഗാൻ ആരോപിക്കുമ്പോൾ, തെഹ്‍രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നുവെന്ന് പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നു. 2021-ന് മുമ്പ്, പാകിസ്ഥാൻ്റെ സുരക്ഷാ സ്ഥാപനം ഹഖാനി നെറ്റ്‌വർക്ക് നേതൃത്വത്തിന് സുരക്ഷിത താവളം നൽകിയിരുന്നു. അഫ്ഗാൻ താലിബാൻ തങ്ങളുടെ പകരക്കാരനായി പ്രവർത്തിക്കുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ പ്രതീക്ഷ താലിബാൻ നേതൃത്വം തള്ളിക്കളയുക മാത്രമല്ല, പരസ്യമായി പരിഹസിക്കുകയും ചെയ്തു. കൂടുതൽ പ്രകോപനങ്ങളുണ്ടായാൽ പ്രാദേശിക സന്തുലിതാവസ്ഥ മാറ്റിമറിക്കുമെന്നും ഹഖാനി മുന്നറിയിപ്പ് നൽകി. 2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ഒരു മുതിർന്ന താലിബാൻ നേതാവിൻ്റെ ഭാഗത്ത് നിന്ന് പാകിസ്ഥാനെതിരെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ പൊതുവിമർശനങ്ങളിൽ ഒന്നാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തകർച്ചയുടെ ആഴമാണ് ഈ പ്രസംഗം വെളിപ്പെടുത്തുന്നതെന്നും, ഇത് മേഖലയിൽ മറ്റൊരു സംഘർഷത്തിന് സാധ്യത നൽകുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം