
ദില്ലി: കാനഡയിലെ എഡ്‌മണ്ടണിൽ ഇന്ത്യൻ വംശജനെ മർദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അർവി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈൽ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അർവി സിംഗ് സാഗു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ മക്കളെ സഹായിക്കുന്നതിനും ജീവിത ചിലവുകളും ശവസംസ്കാര ചെലവുകളും വഹിക്കുന്നതിനുമായി അർവി സിംഗ് സാഗുവിൻ്റെ സുഹൃത്ത് ഒരു ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 19 നാണ് സംഭവം നടന്നത്. രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാർക് ചെയ്ത തൻ്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അർവി സിംഗ് സാഗു. ഈ സമയത്താണ് തൻ്റെ കാറിൽ കൈൽ പാപ്പിൻ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മിൽ മുൻപരിചയമില്ലെന്നാണ് വിവരം. 'ഹേയ്, നീ എന്താണ് ചെയ്യുന്നത്?' എന്ന് അർവി സിംഗ് സാഗു, കൈൽ പാപ്പിനോട് ചോദിച്ചു. 'എനിക്ക് വേണ്ടതെന്തും ഞാൻ ചെയ്യും' എന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് പ്രതി നടന്നുവന്ന് അർവി സിംഗ് സാഗുവിൻ്റെ തലയിൽ ഇടിച്ചു.
അടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തിൻ്റെ ബോധം പോയി. ഭയന്ന കാമുകി, പിന്നാലെ പൊലീസിനെ വിളിച്ചു. അബോധാവസ്ഥയിലായിരുന്ന അർവി സിംഗ് സാഗുവിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം അഞ്ചാം ദിവസം മരിച്ചു. കൊല്ലപ്പെട്ട അർവി സിംഗ് സാഗുവിന് രണ്ട് മക്കളുണ്ട്. ഇവരുടെ പഠനത്തിനും ജീവിത ചിലവിനുമായാണ് നല്ലവരായ മനുഷ്യരോട് സംഭാവന ആവശ്യപ്പെട്ട് അർവി സിംഗ് സാഗുവിൻ്റെ അടുത്ത സുഹൃത്തായ വിൻസെൻ്റ് റാം രംഗത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam