
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്‍റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം താലിബാൻ നിരസിച്ചു. സാധ്യമല്ല എന്നാണ് താലിബാന്‍റെ പ്രതികരണം. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം, 2021ൽ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാന്‍റെ നിയന്ത്രണത്തിലാണ്.
"അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണ്. സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നു. ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല. അടുത്തിടെ, ചില ആളുകൾ ബഗ്രാം എയർ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല"- ട്രംപിന്‍റെ പേര് പരാമർശിക്കാതെ അഫ്ഗാന്‍റെ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രാത്ത് കാബൂളിൽ പറഞ്ഞു.
ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ 'മോശം കാര്യങ്ങൾ' സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയാണ് ബഗ്രാം.
യുഎസിലെ 9/11 ആക്രമണങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബഗ്രാം എയർ ബേസ്. ആയിരക്കണക്കിന് ആളുകളെ യുഎസ് സേന വർഷങ്ങളോളം ഇവിടെ വിചാരണ കൂടാതെ തടവിലാക്കിയിരുന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത് യുഎസ് സൈനികർക്കായി ബർഗർ കിംഗ്, പിസ്സ ഹട്ട് പോലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളും, ഇലക്ട്രോണിക്സ് മുതൽ അഫ്ഗാൻ പരവതാനികൾ വരെ വിൽക്കുന്ന കടകളും ഈ താവളത്തിൽ ഉണ്ടായിരുന്നു എന്നാണ്. ബഗ്രാമിൽ ഒരു വലിയ ജയിലും ഉണ്ടായിരുന്നു. 2021 ജൂലൈയിൽ യുഎസ്, നാറ്റോ സൈനികർ ബഗ്രാം വ്യോമതാവളത്തിൽ നിന്ന് പിൻവാങ്ങി. ആദ്യ ട്രംപ് ഭരണകൂടത്തിന്‍റെ കാലത്തുണ്ടാക്കിയ കരാർ ബൈഡൻ ഭരണ കാലത്താണ് പ്രാബല്യത്തിൽ വന്നത്.
ബഗ്രാം വ്യോമതാവളത്തിന്‍റെ തന്തപ്രധാന സ്ഥാനമാണ് അമേരിക്കയെ സംബന്ധിച്ച് ഏറ്റവും ആകർഷകമായിട്ടുള്ളത്. ഇറാൻ, പാകിസ്ഥാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്താനും നിരീക്ഷണം ശക്തമാക്കാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ യുകെ സന്ദർശനത്തിനിടെയാണ് ഈ തന്ത്രപ്രധാനമായ താവളത്തിന്റെ നിയന്ത്രണം തിരികെ നേടാൻ യുഎസ് ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്.
"ഞങ്ങൾ ബഗ്രാം തിരികെ നേടാൻ ശ്രമിക്കുകയാണ്. അതെ, അത് ഒരു ചെറിയ ബ്രേക്കിംഗ് ന്യൂസാണ്. അവർക്ക് നമ്മളിൽ നിന്ന് ചിലത് ആവശ്യമുള്ളതിനാൽ നമ്മൾ അത് തിരികെ നേടാൻ ശ്രമിക്കുന്നു"- യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.