
കാബൂള്‍: വിവാഹ പ്രായമായ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന്‍ പരിശോധന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഇവിടെയുള്ള സ്ത്രീകളുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞെന്നാണ് ഹോളി മക്കെയ് എന്ന ഡള്ളാസ് മോണിംഗ് ന്യൂസ് റിപ്പോര്‍ട്ടര്‍ പറയുന്നത്.
15 വയസ് കഴിഞ്ഞ വിവാഹിതരാകാത്ത പെണ്‍കുട്ടികളെ തേടി താലിബാന്‍ വീടുകള്‍ കയറി പരിശോധന തുടങ്ങിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അഫ്ഗാന്‍ നഗരമായ മസാര്‍ ഇ ഷെറീഫിലാണ് ഹോളി മക്കെയ് ഉണ്ടായിരുന്നത്. ഇവിടം വിടാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും. തദ്ദേശീയരായ തന്‍റെ സുഹൃത്തുക്കള്‍ ഏറെ ഭീതിയിലായിരുന്നുവെന്നും ഇവര്‍ പറയുന്നു.
'ഈ രാജ്യത്ത് സ്ത്രീകള്‍ തങ്ങളുടെ സ്വതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ പാടുപെടുകയാണ്, കലാപകാരികളില്‍ നിന്നും തല്‍ക്ഷണം ഓടിരക്ഷപ്പെട്ടവര്‍ മാത്രമാണ് ഇവരില്‍ സമര്‍ത്ഥര്‍, കാബൂളിലെ ഒരു രക്ഷപ്രവര്‍ത്തന ക്യാമ്പില്‍ ഒരു 14 വയസുള്ള പെണ്‍കുട്ടിയെ കണ്ടു. ഗുന്ദാസിലെ പോരാട്ടഭൂമിയില്‍ നിന്നും ജീവിതം രക്ഷിച്ചെത്തിയ അവള്‍ക്ക് പഠിക്കാനും ഡോക്ടറാകാനുമായിരുന്നു ആഗ്രഹം' - കാബൂളില്‍ നിന്നും രക്ഷപ്പെട്ട ഹോളി മക്കെയ് പറയുന്നു.
ഫരിഹാ എസ്സര്‍ എന്ന അഫ്ഗാന്‍ പെണ്‍കുട്ടിയെക്കുറിച്ചും, ഹോളി മക്കെയ് തന്‍റെ അനുഭവത്തില്‍ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൈയ്യടക്കലിന് ശേഷം തകരുന്ന രാജ്യത്തിന്‍റെ പ്രതീക്ഷകളായ സ്ത്രീകളില്‍ ഒരാളാണ് അവളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'എന്‍റെ പുറം രാജ്യത്തുള്ള സുഹൃത്തുക്കള്‍ എത്രയും വേഗം രാജ്യം വിടാന്‍ പറയുന്നു. എന്നാല്‍ ഞാന്‍ എന്‍റെ സഹോദരിമാരും മറ്റും കഷ്ടപ്പെടുന്പോള്‍ എങ്ങനെ പോകും' -ഫരിഹാ എസ്സര്‍ ചോദിച്ചതായി ഡള്ളസ് മോണിംഗ് ന്യൂസില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ അനുഭവങ്ങളില്‍ ഹോളി മക്കെയ് പറയുന്നു.
'പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകള്‍തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാന്‍. ഒരു മാസം മുന്‍പ് തന്നെ ബദ്കാഷന്‍ എന്ന സ്ഥലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ ഇത്തരത്തില്‍ താലിബാനികള്‍ കയറി ഇറങ്ങിയിരുന്നു. അവര്‍ കൌമര പ്രായമുള്ള കുട്ടികളെ വധുവായി അന്വേഷിക്കുകയായിരുന്നു' - ഫരിഹാ എസ്സറിനെ ഉദ്ധരിച്ച് ഹോളി മക്കെയ് പറയുന്നു.
'അവര്‍ ഇസ്ലാമിന്‍റെ സംരക്ഷകരാണ്, വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചവരും, രക്ഷകരും ആണെന്നാണ് പറയാറ്. അതിന് ശേഷം പെണ്‍കുട്ടികളുടെ പിതാക്കളോട് അവരുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാന്‍ മുല്ലയുടെ ഭാര്യമാരായാണ് ഒരാളുടെ മക്കളെ ചോദിച്ചത്'- ഫരിഹാ എസ്സര്‍ പറയുന്നു.
ഇത്തരത്തില്‍ വിവാഹിതയായ ഒരു 21 കാരിയുടെ അനുഭവം ഫരിഹാ എസ്സര്‍ വിവരിച്ചു. വിവാഹം കഴിഞ്ഞയുടന്‍ അവളെ അവര്‍ ദൂരേക്ക് കൊണ്ടുപോയി. മൂന്ന് ദിവസം കഴിഞ്ഞ് പിതാവ് അറിഞ്ഞത് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ കൂടാതെ മറ്റു നാലുപേര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ്. ഇത് സംബന്ധിച്ച് പിതാവ് ജില്ല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാള്‍ നടപടിയൊന്നും എടുത്തില്ല. എന്തെങ്കിലും ചെയ്താല്‍ തനിക്കെതിരെയും താലിബാന്‍ നടപടിയുണ്ടാകുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഈ പിതാവ് ബാക്കിയുള്ള പെണ്‍കുട്ടികളുമായി നാടുവിട്ടു.
താലിബാന്‍റെ നിര്‍ബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയത്. ഇതിനൊപ്പം തന്നെ മുന്‍പ് നാറ്റോ നല്‍കിയിരുന്ന സംരക്ഷണം ഇല്ലാതായിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. 'താലിബാന്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റിയെന്ന് പറയുന്നു, ശരിക്കും അത് സംഭവിച്ചിട്ടില്ല. അവര്‍ ഒരിക്കലും മാറില്ല. അവര്‍ ആക്രമണത്തിലും, കൊലപാകത്തിലും, മനുഷ്യാവകാശ ലംഘനത്തിലും തന്നെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കും' -ഫരിഹാ എസ്സറിനെ ഉദ്ധരിച്ച് ഹോളി മക്കെയ് പറയുന്നു.
താന്‍ താമസിച്ചിരുന്നു വടക്കന്‍ സിറ്റിയായ മസര്‍ ഇ ഷെറീഫ് കഴിഞ്ഞ ശനിയാഴ്ചയാണ് താലിബാന്‍ കീഴടക്കിയത്. ഇതിന് പിന്നാലെ സാധാരണ നിരവധി സ്ത്രീകളെ പുറത്ത് കാണാറുള്ള ആ നഗരത്തിലെ തെരുവുകള്‍ ഒരു പ്രേത നഗരം പോലെയായി. പുറത്തിറങ്ങിയ സ്ത്രീകള്‍ നീല ബുര്‍ഖയിലായിരുന്നു. ഒരു ശബ്ദവും കേള്‍ക്കാനില്ല - ഹോളി മക്കെയ് പറയുന്നു.
Read More: മുന്‍ അഫ്ഗാന്‍ ഐടി മന്ത്രി, ഇപ്പോള്‍ ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam