
ദില്ലി: യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എൻബിസി ന്യൂസിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ എണ്ണ വിറ്റ് സമ്പന്നരാകുന്നത് തടയാനാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിട്ടതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്ന ചൈനയ്ക്കെതിരെ താരിഫ് വർധിപ്പിക്കാത്തതിൽ ഒന്നും പ്രതികരിച്ചില്ല.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂട്ടക്കൊലപാതകം അവസാനിപ്പിച്ചാൽ റഷ്യയെ ലോക സമ്പദ്‌വ്യവസ്ഥയിലേക്ക് വീണ്ടും ക്ഷണിക്കാൻ കഴിയും. എന്നാൽ യുക്രൈനെതിരെ യുദ്ധം നിർത്തിയില്ലെങ്കിൽ റഷ്യ ഒറ്റപ്പെട്ട് കിടക്കുന്നത് തുടരുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഏപ്രിൽ 22 ന് ജയ്‌പൂരിൽ വച്ച് നടത്തിയ പ്രതികരണത്തിൽ ഇതായിരുന്നില്ല ജെഡി വാൻസിൻ്റെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ ബന്ധം മെച്ചപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ അമേരിക്കൻ നിർമിത ഊർജ്ജ, സൈനിക ഉപകരണങ്ങൾ ഇന്ത്യ വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് കരുത്തേകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കമാണ് റഷ്യ - യുക്രൈൻ യുദ്ധത്തിലേക്ക് നയിച്ചത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. അതേസമയം റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam