'മിടുക്കിയും സുന്ദരിയുമായിരുന്നു, നന്നാ‌യി പാടും, എന്നിട്ടും...'; അരിയാനയുടെ ഓർമകളിൽ സഹപാഠികളും അധ്യാപകരും

Published : Dec 31, 2023, 09:11 PM IST
'മിടുക്കിയും സുന്ദരിയുമായിരുന്നു, നന്നാ‌യി പാടും, എന്നിട്ടും...'; അരിയാനയുടെ ഓർമകളിൽ സഹപാഠികളും അധ്യാപകരും

Synopsis

അവധി കഴിഞ്ഞ് തിരിച്ചെത്തിയാൽ, അനുസ്മരണം സംഘടിപ്പിക്കുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. വാർത്ത കാമ്പസിനെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും അരിയാനയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും സഹപാഠികൾ പറയുന്നു.

ദില്ലി: മസാച്യുസെറ്റ്‌സിൽ മാതാപിതാക്കളോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ 18കാരിയായ ഇന്ത്യൻ വംശജ അരിയാന കമലിന്റെ ഓർമകളിൽ സഹപാഠികളും അധ്യാപകരും. വാർത്ത കേട്ടതിന്റെ ‍ഞെട്ടലിൽ നിന്ന് ഇവർ മുക്തരായിട്ടില്ല. മിടുക്കിയായ വിദ്യാർഥിയും മികച്ച ഗായികയുമായിരുന്നു അരിയാനയെന്ന് ഇവർ ഓർക്കുന്നു.

മിഡിൽബറി കോളേജിലെ വിദ്യാർഥിയായിരുന്നു അരിയാന. വിദ്യാഭ്യാസ പഠനത്തിന്റെ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസർ മെലിസ ഹാമർലെ പഠിപ്പിക്കുന്ന മൈൻഡ്‌ഫുൾനെസ് ഇൻ എഡ്യൂക്കേഷനിൽ ഒന്നാം വർഷ സെമിനാർ വിദ്യാർഥിയാണ് അരിയാനയെന്ന് കോളേജ് പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷണം അടിസ്ഥാനമാക്കി വിദ്യാർഥികളുടെ സംഘടനയിലും വിമൻ ഇൻ കമ്പ്യൂട്ടർ സയൻസ് സ്റ്റുഡന്റ് ഓർഗനൈസേഷനിലും അം​ഗമായിരുന്നു. "അവൾക്ക് പാട്ട് ഇഷ്ടമായിരുന്നു. കോളേജ് ഓപ്പറ ഗ്രൂപ്പിനൊപ്പം ഇറ്റലിയിലേക്ക് പോകാൻ താൽപ്പര്യപ്പെട്ടു"- അധ്യാപിക മിസ് മെലിസ പറഞ്ഞു. കോളേജ് ഗായകസംഘത്തിന് പ്രിയപ്പെട്ടവളായിരുന്നുവെന്ന് സംഗീത അധ്യാപകൻ ജെഫ്രി ബ്യൂട്ടനർ സ്മരിക്കുന്നു. 

അവധി കഴിഞ്ഞ് തിരിച്ചെത്തിയാൽ, അനുസ്മരണം സംഘടിപ്പിക്കുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. വാർത്ത കാമ്പസിനെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും അരിയാനയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും സഹപാഠികൾ പറയുന്നു. മസാചുസെറ്റ്സിൽ ഇപ്പോൾ ശൈത്യകാല അവധിക്കാലമാണ്. പ്രശസ്തമായ മിൽട്ടൺ അക്കാദമിയിൽ നിന്ന് അരിയന്ന ബിരുദം നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബത്തെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെക്കിയത്.

യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാകേഷിനെയും കുടുംബത്തെയും ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. യുഎസിൽ ഐടി സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ല.

2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെന്‍റർ തുടങ്ങുന്നത്. കമ്പനി വൻ വിജയമായിരുന്നു. 2019ൽ 11 കിടപ്പുമുറികളുള്ള അത്യാധുനിക ബംഗ്ലാവടക്കം ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്  2021 ഡിസംബറിൽ എഡ്യൂനോവ തകർന്നു. ഇതോടെ രാകേഷും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ ആറ് മില്യൺ ഡോളർ മൂല്യമുള്ള ബംഗ്ലാവ് ഇവർ 3 മില്യൺ ഡോളറിന് വിറ്റിരുന്നു.  2022 സെപ്റ്റംബറിൽ പാപ്പർ ഹർജിയും നൽകി. 

കുറച്ച് ദിവസങ്ങളായി രാകേഷിനെയും കുടുംബത്തെയും ഫോണിലും മറ്റ് സാമൂഹമാധ്യമങ്ങളിലും ബന്ധപ്പെടാനായിരുന്നില്ല, ഇതിൽ ആശങ്ക തോന്നിയാണ് വിവരം പൊലീസിൽ അറിയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പൊലീസെത്തുമ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയ പൊലീസ് കണ്ടത് മൂവരുടേയും മൃതദേഹമാണ്. രാകേഷിന്‍റെ മൃതദേഹത്തിന് സമീപം ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം