നവനാസികൾക്കു വേണ്ടി ആയുധങ്ങൾ നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച പതിനേഴുകാരനെ ഭീകരവാദത്തിന് തുറുങ്കിലടച്ചു

By Web TeamFirst Published Nov 7, 2020, 3:35 PM IST
Highlights

അറസ്റ്റുചെയ്യപെടുമ്പോൾ, പോളിന്റെ പക്കൽ നിന്ന് കഠാരകള്‍, ഷോട്ട് ഗൺ കാർട്രിഡ്ജുകൾ, തോക്ക്, വെടിത്തിരകൾ, എയർ റൈഫിളുകൾ എന്നിവയുടെ ഒരു വൻ ശേഖരവും പൊലീസ് കണ്ടെടുത്തു. 

അഡോൾഫ് ഹിറ്റ്‌ലറെ ആരാധിച്ച, നവനാസികൾക്കു വേണ്ടി ആയുധങ്ങൾ നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച പതിനേഴുകാരനെ ഭീകരവാദത്തിന് തുറുങ്കിലടച്ച് യുകെ കോടതി. പോൾ ഡൺലീവി എന്ന പതിനേഴുകാരൻ, മുൻ റോയൽ എയർ കേഡറ്റിനെയാണ് ഭീകരവാദത്തിൽ ഏർപ്പെടാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ബിർമിങ്ഹാം ക്രൗൺ കോടതി അഞ്ചരവർഷത്തെ തടവിന് ശിക്ഷിച്ചത്. 

അറസ്റ്റുചെയ്യപെടുമ്പോൾ, പോളിന്റെ പക്കൽ നിന്ന് കഠാരകൾ, ഷോട്ട് ഗൺ കാർട്രിഡ്ജുകൾ, തോക്ക്, വെടിത്തിരകൾ, എയർ റൈഫിളുകൾ എന്നിവയുടെ ഒരു വൻ ശേഖരവും പൊലീസ് കണ്ടെടുത്തു. ഭീകരവാദം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു എന്നൊരു കുറ്റവും ഇയാൾക്കുമേൽ ചാർത്തപ്പെട്ടിട്ടുണ്ട്. ഭീകരവാദം പ്രോത്സാഹിപ്പിക്കുക, അതിനു തയ്യാറെടുക്കുക, നടപ്പിൽ വരുത്താൻ ശ്രമിക്കുക എന്നിങ്ങനെ പല ചാർജുകളുമുണ്ട് കുറ്റപത്രത്തിൽ പോളിനെതിരെ. 

ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത നോട്ടുബുക്കുകളിൽ നിറയെ സ്വസ്തിക ചിഹ്നങ്ങൾ, തനിയെ ചെന്ന് ഭീകരാക്രമണം നടത്തേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച വിശദമായ സ്‌കെച്ചുകൾ, പ്ലാനുകൾ, താൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ഒരു പുതിയ സായുധ ഗ്രൂപ്പിന്റെ ലോഗോ എന്നിവ കണ്ടെടുത്തു. ഒപ്പം, എങ്ങനെ ബോംബുണ്ടാക്കാം എന്നതിന്റെ വിശദമായ മാനുവലുകളും പോൾ സൂക്ഷിച്ചിരുന്നു. 

ഭീകരവാദ പരിശീലനം നടത്താൻ വേണ്ട നിരവധി ഉപകരണങ്ങളും വസ്തുക്കളും ഒക്കെ കണ്ടെടുത്തു പൊലീസ്. അഡോൾഫ് ഹിറ്റ്ലർക്ക് പുറമെ, നവനാസി നേതാവായ ജെയിംസ് മെയ്സന്റെയും ചിത്രങ്ങൾ പോളിന്റെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നു. പോളിന്റെ ഫോണിൽ നിന്ന് ക്രൈസ്റ്റ് ചർച്ച് ആക്രമണം ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിൽ സംഭവിച്ച പല ഭീകരാക്രമണങ്ങളുടെയും ക്ലിപ്പിംഗുകളും പൊലീസ് കണ്ടെടുത്തു. സോഷ്യൽ മീഡിയയിൽ സാന്നിധ്യമുറപ്പിച്ചിട്ടുള്ള നവനാസി സംഘടനകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന പോൾ മാസങ്ങൾക്കുള്ളിൽ തന്നെ ഭീകരവാദപരമായ എന്തെങ്കിലും ഓപ്പറേഷനുമായി മുന്നോട്ടു പോവാൻ സാധ്യത നിലനിന്നിരുന്നു എന്നും പൊലീസ് പറഞ്ഞു. 

click me!