
വാഷിംഗ്ടൺ: ഇറാനിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പ്രതികരിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും മതിയായ സമയം നൽകി ഇസ്രായേലി ആക്രമണം വൈകിപ്പിക്കാൻ താൻ ആദ്യം ശ്രമിച്ചിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഞായറാഴ്ച ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ നേരത്തെ പ്ലാൻ ചെയ്തതു പോലെ മുന്നോട്ട് പോകും. എന്നാൽ ഇറാൻ- ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ഇറാൻ പങ്കെടുക്കുമോയെന്ന കാര്യം സംശയമാണ്. ജൂൺ 15 ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാനിയൻ പ്രതിനിധി സംഘത്തെ സന്ദർശിക്കാനായി പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന് ഇപ്പോഴും വൈകിയിട്ടില്ല. വളരെയധികം വൈകുന്നതിന് മുൻപ് ഒരു ഡീൽ ഉണ്ടാക്കുന്നതാണ് നല്ലതെന്നും ടെഹ്റാന് ഉപദേശം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രതികരണം. ഇറാനു മേൽ സമ്മർദം ശക്തമാക്കുന്ന തരത്തിൽ ഇന്നലെ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. കർക്കശത്തോടെ സംസാരിക്കുന്ന ഇറാനിയൻ വൃത്തങ്ങൾ ധൈര്യമായി സംസാരിച്ചു. പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അവരെല്ലാം ഇപ്പോൾ മരിച്ചു, എനി കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളും ഇസ്രായേൽ ആക്രമിക്കാൻ പോകുന്നുവെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചിരുന്നു. ജൂൺ 8 ന് രാത്രി ക്യാമ്പ് ഡേവിഡിൽ തന്റെ ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടി ഇറാനെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇറാനെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും അടുത്ത ദിവസം താൻ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നു, ഇറാനെ അപമാനത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ ഞാൻ ശ്രമിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇങ്ങനെ അവരെ രക്ഷിക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു. ഇനിയും അവർക്ക് ഒരു ഡീൽ ഉണ്ടാക്കാൻ കഴിയുമെന്നും ഇനിയും വൈകിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേലിന് പൂർണ്ണ പിന്തുണയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക "ഇസ്രായേലുമായി വളരെ അടുത്താണ്. അവരുടെ ഒന്നാം നമ്പർ സഖ്യകക്ഷിയാണ് ഞങ്ങൾ. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നാണ് ഇറാന്റെ പ്രത്യാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പ്രതികരിച്ചത്. ഇസ്രായേലിന്റെ ആദ്യ ആക്രമണത്തിന് പ്രത്യാക്രമണമായി ടെഹ്‌റാൻ ടെൽ അവീവിലേക്ക് നൂറോളം ഡ്രോണുകളാണ് വർഷിച്ചത്.