പുഴയിൽ നീന്തിയപ്പോള്‍ തലച്ചോർ തിന്നുന്ന അമീബ പിടികൂടി; പത്തുവയസുകാരിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ ലോകം

By Web TeamFirst Published Sep 15, 2019, 5:47 PM IST
Highlights

സെപ്തംബർ എട്ടിന് രാത്രി തലവേദനയോടെയാണ് അസുഖം ആരംഭിച്ചത്. പിന്നീട് കടുത്ത പനിയായി. സ്കൂളിൽ നിരവധി പേർക്ക് പനിയുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതരും ഇത് വൈറൽ പനിയാകുമെന്നാണ് കരുതിയത്

ടെക്‌സാസ്: അവധി ദിവസം നീന്തിക്കുളിച്ചാഘോഷിക്കാൻ ഇറങ്ങിയ പത്തുവയസുകാരിയെ ഏറെ അപകടകാരിയായ അമീബ പിടികൂടി. തലച്ചോർ തിന്നുന്ന അമീബയുടെ പിടിയിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ കഠിനപ്രയത്നത്തിലാണ് വൈദ്യസംഘം. 97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയാണ് അമേരിക്കയിലെ ടെക്സാസ് നഗരത്തിലുള്ളവരും.

ലിലി അവന്റ് എന്ന പത്തുവയസുകാരിയെയാണ് നെയ്ഗ്ലേറിയ ഫൗലേറി എന്ന തലച്ചോർ തിന്നുന്ന അമീബ പിടികൂടിയത്. സാധാരണ ചൂടുള്ള ശുദ്ധജലത്തിൽ കാണുന്നതാണ് ഈ അമീബ. സെപ്തംബർ രണ്ടിന് അമേരിക്കയിലെ തൊഴിലാളി ദിന അവധിക്ക് വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെൺകുട്ടിയുടെ ശരീരത്തിൽ കയറിയതെന്നാണ് കുടുംബം കരുതുന്നത്.

സെപ്തംബർ എട്ടിന് രാത്രി തലവേദനയോടെയാണ് അസുഖം ആരംഭിച്ചത്. പിന്നീട് കടുത്ത പനിയായി. സ്കൂളിൽ നിരവധി പേർക്ക് പനിയുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതരും ഇത് വൈറൽ പനിയാകുമെന്നാണ് കരുതിയത്. പനിക്കുള്ള മരുന്ന് നൽകി പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ ലിലിയുടെ നില പിന്നീട് വഷളാവുകയായിരുന്നു. സെപ്തംബർ പത്തിന് ലിലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത് പെൺകുട്ടി കണ്ണ് തുറന്നിരുന്നെങ്കിലും ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. ഇതോടെയാണ് വിശദമായ പരിശോധനയ്ക്ക് വിധേയയാക്കിയത്.

മൂക്കിലൂടെ ശരീരത്തിൽ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎൻസഫലൈറ്റിസ് എന്ന അസുഖമാണ് ലിലിക്ക് ഇതേത്തുടർന്നുണ്ടായത്. അമീബ സർവ്വസാധാരണമാണെങ്കിലും ഈ അസുഖം ഉണ്ടാകുന്നത് വളരെ അപൂർവ്വമായാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. എന്നാൽ അത്യന്തം അപകടകാരിയാണ് ഈ അസുഖം. ഇതുവരെ ഈ അസുഖം ബാധിച്ച അഞ്ച് പേരെ മാത്രമേ രക്ഷിക്കാൻ സാധിച്ചിട്ടുള്ളൂ.

അസുഖം ബാധിച്ച ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പതിനെട്ട് ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമെന്നാണ് കരുതുന്നത്. അവന്തിനിത് ഏഴാം ദിവസമാണ്. അതിനാൽ തന്നെ വളരെ പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ കുടുംബം.

പെൺകുട്ടിയെ മരുന്ന് നൽകി കോമ സ്റ്റേജിലാക്കിയാണ് ചികിത്സ നടത്തുന്നത്. അവന്തിന്റെ സ്റ്റേബിൾ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ലിലിയുടെ ജീവന് വേണ്ടി പ്രാർത്ഥിക്കാൻ #Lilystrong എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയും ടെക്സാസ് കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്.
 

click me!