
ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ വൻ സൈനിക സംഘർഷം. നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന അതിർത്തി തർക്കം ആണ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 9 തായ് പൌരന്മാർ കൊല്ലപ്പെട്ടു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി. തായ്‍ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.
തായ്‌ലൻഡ്–കംബോഡിയ അതിർത്തി മേഖലയിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്നു എങ്കിലും ഇന്ന് ഉണ്ടായത് എല്ലാവരെയും ഞെട്ടിച്ച ആക്രമണമാണ്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. പിന്നാലെ തായ്‌ലൻഡ് എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തി. അതിർത്തിയോട് ചേർന്ന് കഴിയുന്ന നാല്പതിനായിരം പേരെ തായ്‌ലൻഡ് ഒഴിപ്പിച്ചു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വെട്ടിക്കുറച്ചു.
നിരവധി പുരാതന ക്ഷേത്രങ്ങളുള്ള അതിർത്തി പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ ഏറെക്കാലമായി തർക്കം നിലവിൽ ഉണ്ട്. ചില ലോകപ്രശസ്ത പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥത ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു. 817 കിലോമീറ്റർ കര അതിർത്തി ഇരു രാജ്യങ്ങളും പങ്കിടുന്നുണ്ട്.
മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും വിനോദസഞ്ചാരികൾ ആയി എത്തുന്ന രാജ്യങ്ങൾ ആണ് രണ്ടും. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരമ്പരാഗതമായി അമേരിക്ക ആണ് തായ്‌ലൻഡിന്റെ പ്രധാന ആയുധ വിതരണക്കാർ. കംബോഡിയ ആകട്ടെ ആയുധങ്ങൾക്കായി പ്രധാനമായും ചൈനയെ ആശ്രയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam