ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  7965, ഇറ്റലിയിലെ സ്ഥിതി രൂക്ഷം

By Web TeamFirst Published Mar 18, 2020, 6:35 AM IST
Highlights

സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് ആശ്വാസം നൽകാൻ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ അമേരിക്ക സൈനികരെ ഇറക്കി

റോം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേർ വിവിധ രാജ്യങ്ങളിൽ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തിൽ നിന്നും മുക്തരായതായാണ് റിപ്പോർട്ട്. ഇറ്റലിയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ പ്രവേശന വിലക്ക് നിലവിൽ വന്നു. യൂറോപ്യൻ യൂണിയൻ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യൻ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. 

സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് ആശ്വാസം നൽകാൻ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ അമേരിക്ക സൈനികരെ ഇറക്കി. അടിയന്തിര സാഹചര്യം നേരിടാൻ അൻപതു ലക്ഷം മാസ്കുകൾ തയാറാക്കാൻ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിർദേശം നൽകി. സമ്പർക്കവിലക്ക് കർക്കശമാക്കിയില്ലെങ്കിൽ അമേരിക്കയിൽ പത്തു ലക്ഷവും ബ്രിട്ടനിൽ രണ്ടര ലക്ഷവും പേർ മരിക്കുമെന്ന് ലണ്ടനിലെ ഇൻപീരിയൽ കോളേജ് ഗവേഷകർ മുന്നറിയിപ്പ് നൽകി. 

അതിനിടെ കൊവിഡ് രോഗാണുക്കൾ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകർ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേർക്ക് ജീവൻ നഷ്ടമായ ഇറ്റലിയിൽ ആകെ മരണസംഖ്യ 2500 കടന്നു. സമ്പർക്ക വിലക്ക് ലംഘിച്ചു ആഘോഷത്തിനായി ഒന്നിച്ചു ചേർന്ന ചെറുപ്പക്കാരെ പിരിച്ചുവിടാൻ ടുണീഷ്യയിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രോഗപ്പകർച്ച തടയുന്നതിൽ ഭരണകൂടം പരാജപ്പെട്ടെന്ന വിമർശനം ഉന്നയിച്ച നൂറു പേര് തുർക്കിയിൽ അറസ്റ്റിലായി. ബെൽജിയം പൂർണ്ണ സമ്പർക്കവിലക്ക് പ്രഖ്യാപിച്ചു. 

click me!