
ഇന്ത്യയിലെ യുവതലമുറ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി ആഗോള പഠന റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള 'സാപിയൻ ലാബ്സ്' (Sapien Labs) നടത്തിയ 'ഗ്ലോബൽ മൈൻഡ് ഹെൽത്ത് 2025' പഠനത്തിലാണ് ഇന്ത്യൻ യുവാക്കളുടെ മാനസികാവസ്ഥ മോശമാണെന്ന കണ്ടെത്തലുള്ളത്. ലോകത്തെ 84 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 60-ാം സ്ഥാനത്താണ് ഇന്ത്യൻ യുവാക്കൾ. പഠനമനുസരിച്ച് 18 മുതൽ 34 വയസ് വരെയുള്ള ഇന്ത്യൻ യുവാക്കളുടെ മാനസികാരോഗ്യം മുൻ തലമുറകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. അതേസമയം, 55 വയസിന് മുകളിലുള്ള പ്രായമായവർ മാനസികാവസ്ഥയിൽ മികച്ച നിലവാരം പുലർത്തുന്നു എന്നതും ഈ പഠനം മുന്നോട്ടുവെക്കുന്നു.
മാനസികാരോഗ്യം അളക്കുന്നതിനായി സാപിയൻ ലാബ്സ് വികസിപ്പിച്ചെടുത്ത മാനദണ്ഡമാണ് 'മൈൻഡ് ഹെൽത്ത് കോഷ്യന്‍റ്' (MHQ). വൈകാരിക നിയന്ത്രണം, ഏകാഗ്രത, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങൾ എന്നിങ്ങനെ 47 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സ്കോർ കണക്കാക്കുന്നത്. ഇതിൽ ഇന്ത്യൻ യുവാക്കളുടെ ശരാശരി സ്കോർ വെറും 33 ആണ്. ഈ സ്കോർ ലഭിക്കുന്നവർ 'കടുത്ത മാനസിക സമ്മർദ്ദത്തിലോ അല്ലെങ്കിൽ ജീവിതത്തോട് പൊരുതുന്നവരോ' ആയ വിഭാഗത്തിലാണ് വരുന്നത്. എന്നാൽ ഇതേ ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ സ്കോർ 100-ന് അടുത്താണ്. അതായത്, അവർ തങ്ങളുടെ ജീവിതം മികച്ച രീതിയിൽ ആസ്വദിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യുന്നു.
കോവിഡ് മഹാമാരിക്ക് മുൻപ് തന്നെ യുവാക്കളുടെ മാനസിക നിലവാരത്തിൽ ഇടിവ് സംഭവിച്ചിരുന്നതായി സാപിയൻ ലാബ്സ് സ്ഥാപകയായ ഡോ. താര ത്യാഗരാജൻ പറയുന്നു. എന്നാൽ കോവിഡാനന്തരം ഇത് വലിയൊരു തകർച്ചയിലേക്ക് നീങ്ങി. മുൻ തലമുറകൾക്ക് ലഭിച്ചിരുന്ന മാനസിക കരുത്തോ പ്രതിരോധശേഷിയോ ഇന്നത്തെ യുവാക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ ഇത്രത്തോളം മാനസികമായി തളരുന്നത് എന്ന ചോദ്യത്തിന് ആധുനിക ജീവിതശൈലിയിലെ ചില കയ്പ്പേറിയ സത്യങ്ങളാണ് പഠനം മറുപടിയായി നൽകുന്നത്. ഇതിൽ ഒന്നാമത്തേത് തകരുന്ന കുടുംബബന്ധങ്ങളാണ്. കുടുംബവുമായി അടുത്ത ബന്ധമില്ലാത്ത യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ വരാൻ നാല് മടങ്ങ് കൂടുതൽ സാധ്യതയുണ്ട്. ഇന്ത്യയിലെ മുതിർന്നവരിൽ 78 ശതമാനം പേരും കുടുംബവുമായി നല്ല ബന്ധം പുലർത്തുമ്പോൾ യുവാക്കളിൽ ഇത് 64 ശതമാനമായി ചുരുങ്ങി. പണമോ പദവിയോ അല്ല, മറിച്ച് പ്രിയപ്പെട്ടവർ നൽകുന്ന കരുതലും സാമീപ്യവുമാണ് മനസ്സിന്റെ യഥാർത്ഥ മരുന്നെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു. കുടുംബം എന്ന സുരക്ഷാകവചം നഷ്ടപ്പെടുന്നത് യുവാക്കളെ ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു.
മറ്റൊരു പ്രധാന കാരണം സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും ഡിജിറ്റൽ ലോകത്തെ ഏകാന്തതയുമാണ്. ഇന്ത്യയിൽ ശരാശരി 16.5 വയസിലാണ് ഒരു കുട്ടിക്ക് ആദ്യമായി സ്മാർട്ട്ഫോൺ ലഭിക്കുന്നത്. ഇത് കുട്ടിക്കാലത്തെ സാമൂഹിക ഇടപെടലുകളെ ഇല്ലാതാക്കുകയും വൈകാരിക പക്വത തടസപ്പെടുത്തുകയും ചെയ്യുന്നു. സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അവർ തങ്ങളുടെ യഥാർത്ഥ ലോകത്തെ ബന്ധങ്ങളിൽ നിന്ന് അകലുകയാണ്. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് നമ്മുടെ ഭക്ഷണരീതിയും. ഫാസ്റ്റ് ഫുഡും പ്രോസസ്ഡ് ഫുഡും കഴിക്കുന്ന യുവാക്കളുടെ എണ്ണം 44 ശതമാനമായി ഉയർന്നിരിക്കുന്നു. മുതിർന്നവരിൽ ഇത് വെറും 11 ശതമാനം മാത്രമാണ്. മോശം ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെയും അതുവഴി മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നുവെന്നത് പലരും തിരിച്ചറിയുന്നില്ല.
വികസിത രാജ്യങ്ങളിലെ യുവാക്കളാണ് മാനസികമായി കൂടുതൽ തകർച്ച നേരിടുന്നത് എന്നത് ഈ പഠനത്തിലെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലാണ്. ജപ്പാൻ, ബ്രിട്ടൻ, ചൈന തുടങ്ങിയ വൻശക്തികൾ പട്ടികയിൽ ഏറ്റവും പിന്നിലാണ്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയും സിംബാബ്‌വെയും മാനസികാരോഗ്യത്തിൽ ഏറെ മുന്നിലാണ്. പണം വാരിക്കോരി ചിലവാക്കി ചികിത്സിച്ചിട്ടും പാശ്ചാത്യ രാജ്യങ്ങളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടാത്തത്, അവർ ലക്ഷണങ്ങളെ മാത്രം ചികിത്സിക്കുകയും യഥാർത്ഥ കാരണങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. കുടുംബബന്ധങ്ങൾ മുറിയുന്നതും ആത്മീയതയോടുള്ള അകൽച്ചയും ആധുനിക ജീവിതത്തിന്റെ ഭാഗമായുള്ള സമ്മർദ്ദങ്ങളുമാണ് യഥാർത്ഥ വില്ലന്മാർ.
ഇന്ത്യൻ യുവാക്കളുടെ ഈ പിന്നാക്കം പോക്ക് വെറുമൊരു ആരോഗ്യപ്രശ്നമല്ല, മറിച്ച് സാമൂഹികമായ ഒരു മുന്നറിയിപ്പാണ്. മുതിർന്ന തലമുറ കാത്തുസൂക്ഷിച്ച കുടുംബ ബന്ധങ്ങളും ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതത്തോടുള്ള പോസിറ്റീവായ കാഴ്ചപ്പാടും തിരികെ പിടിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് നമ്മുടെ യുവത്വത്തിന് കരകയറാൻ സാധിക്കൂ. ശാസ്ത്രീയ ചികിത്സകൾക്കൊപ്പം തന്നെ സ്നേഹവും കരുതലും നല്ല ജീവിതശൈലിയും ചേരുമ്പോഴാണ് ഒരു ജനത മാനസികമായി കരുത്താർജ്ജിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam