
മോസ്കോ: റഷ്യയുടെ (Russia) യുക്രൈൻ (Ukraine) അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്ലാദിമർ പുടിൻ (Vladimir Putin) . റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു എന്ന് പുടിൻ പറയുന്നു.
അതേസമയം, ചെർണോബിൽ ആണവനിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെർണോബിലിൽ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതിനിടെ, യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.
ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.
അതേസമയം, യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam