
വാഷിങ്ടൺ: മിയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെളുത്ത വംശജരായ ആഫ്രിക്കക്കാർക്കും ഡച്ച്, ഫ്രഞ്ച്, ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമികൾക്കുമെതിരായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും പ്രശ്നം പ്രസിഡന്റ് സിറിൽ റമാഫോസയുടെ സർക്കാർ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വെള്ളക്കാരായ കർഷകരെ കൊല്ലുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു. നേരത്തെ, ദക്ഷിണാഫ്രിക്ക നിഷേധിച്ച ആരോപണങ്ങളാണ് ട്രംപ് വീണ്ടും ഉന്നയിച്ചത്.
ഈ വർഷത്തെ ജി 20 സമ്മേളനത്തിൽ ദക്ഷിണാഫ്രിക്ക അമേരിക്കയെ മോശമായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ജോഹന്നാസ്ബർഗിൽ നടന്ന സമാപന ചടങ്ങിൽ ജി 20 പ്രസിഡന്റ് സ്ഥാനം യുഎസ് എംബസി ഉദ്യോഗസ്ഥന് കൈമാറാൻ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കുള്ള എല്ലാ യുഎസ് സബ്‌സിഡികളും സഹായങ്ങളും നിർത്തലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഫ്ലോറിഡയിലെ മിയാമിയിൽ ആതിഥേയത്വം വഹിക്കുന്ന 2026 ലെ ജി 20 യിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷണം ലഭിക്കില്ല. അവർ എവിടെയും അംഗത്വത്തിന് യോഗ്യരല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ അവർക്കുള്ള എല്ലാ പേയ്‌മെന്റുകളും സബ്‌സിഡികളും ഞങ്ങൾ ഉടനടി നിർത്തുകയാണെന്ന് ട്രംപ് കുറിച്ചു.
വെള്ളക്കാരെ ലക്ഷ്യം വച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് യുഎസ് പ്രതിനിധി സംഘത്തെ അയയ്ക്കാൻ വിസമ്മതിച്ചതെന്ന് ആവർത്തിച്ച് ട്രംപ് ജോഹന്നാസ്ബർഗ് സമ്മേളനം പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ആഫ്രിക്കൻ മണ്ണിൽ നടന്ന ആദ്യത്തെ ജി 20 ഉച്ചകോടി അമേരിക്കൻ പങ്കാളിത്തമില്ലാതെയാണ് നടന്നത്. കാലാവസ്ഥാ നയങ്ങൾക്കും വികസ്വര രാജ്യങ്ങളുടെ മുൻഗണനകൾക്കും പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് ചൂണ്ടിക്കാട്ടി അമേരിക്ക അന്തിമ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു.
യോഗം ബഹിഷ്കരിച്ചെങ്കിലും, തിങ്കളാഴ്ചയാണ് യുഎസ് ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. എന്നാൽ, അമേരിക്കൻ ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ ആചാരപരമായ കൈമാറ്റം നടന്നില്ല. ജൂനിയർ യുഎസ് പ്രതിനിധിക്ക് കൈമാറില്ലെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ട്രംപിന്റെ പ്രസ്താവന ഖേദകരമാണെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു. 2025-ൽ ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി വ്യാപകമായി പ്രശംസിക്കപ്പെടുകയും ബഹുരാഷ്ട്രവാദത്തിന്റെ മൂല്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ജി20 പ്രസിഡന്റ് സ്ഥാനം യുഎസ് എംബസി ഉദ്യോഗസ്ഥന് ശരിയായി കൈമാറിയതായും ജി20-നുള്ളിൽ സമവായത്തിനും സഹകരണത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.