'ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും', വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പിൽ രൂക്ഷമായി പ്രതികരിച്ച് ട്രംപ്; യുഎസിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ഒബാമ

Published : Nov 27, 2025, 10:25 AM IST
trump

Synopsis

വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും പ്രസിഡന്‍റ് ട്രംപ് അറിയിച്ചു

വാഷിംഗ്ടൺ ഡി സി: വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ രൂക്ഷമായി പ്രതികരിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിവെയ്പ്പിൽ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകരപ്രവർത്തനമാണെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമിയെ മൃഗമെന്നും വിശേഷിപ്പിച്ച ട്രംപ്, ഈ ആക്രമണത്തിന് ആ മൃഗം വലിയ വില കൊടുക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു. 'ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയുമാണ്, രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യം' എന്നും ട്രംപ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്ന സമയം ഫ്ലോറിഡയിലായിരുന്ന ട്രംപ്, തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് പ്രതിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ലോക്ഡൗൺ ഏർപ്പെടുത്തി

വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ബൈഡൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവേശിപ്പിച്ചവരുടെ കാര്യത്തിൽ പുനഃപരിശോധന നടത്താനും ആവശ്യപ്പെട്ടു. 'അഫ്ഗാനിസ്ഥാൻ പോലുള്ള ഹെൽഹോൾ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി പരിശോധിക്കണം, അനാവശ്യരായവരെ നാടുകടത്തണം' എന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. യു എസ് സിറ്റിസൺഷിപ്പ് ഇമിഗ്രേഷൻ സർവീസസ് അഫ്ഗാൻ പൗരന്മാരുടെ എല്ലാ ഇമിഗ്രേഷൻ അപേക്ഷകളും 'അനിശ്ചിതകാലത്തേക്ക്' നിർത്തിവച്ചതായാണ് വിവരം.

അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ല

യു എസ് മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും നിലവിലെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും വൈറ്റ്ഹൗസിന് സമീപത്തെ വെടിവയ്പ്പിൽ പ്രതികരിച്ച് രംഗത്തെത്തി. 'അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ല' എന്നാണ് മുൻ യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രതികരിച്ചത്. ഹൃദയം തകർക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പറഞ്ഞ വാൻസ്, ഗുരുതരമായി പരിക്കേറ്റ നാഷണൽ ഗാർഡ് സൈനികരുടെ ധീരതയെ വാഴ്ത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ചവരാണ് അവർ, അവരെ ലഭിച്ചത് നമുക്ക് ഭാഗ്യമാണ്. എന്നാൽ ഇന്നത്തെ ദിവസം, എത്രമാത്രം കഠിനമായ ക്രൂരതയാണ് സംഭവിച്ചതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ആക്രമണം നടത്തിയത് അഫ്ഗാൻ സ്വദേശി

അതേസമയം അഫ്ഗാൻ സ്വദേശിയായ 29 കാരൻ റഹ്മാനുള്ള ലകാൻവാൽ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 2021 ൽ ബൈഡൻ ഭരണകാലത്തെ 'ഓപ്പറേഷൻ അലൈസ് വെൽകം' പദ്ധതി വഴി യു എസിലെത്തിയതാണ് ഇയാളെന്നാണ് വിവരം. വെറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. 10 മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്. നാഷണൽ ഗാർഡുകളുടെ നേരെയെത്തി അക്രമി വെടിവയ്ക്കുകയായിരുന്നു. 2 സൈനികർക്ക് ഗരുതരമായി പരിക്കേറ്റെങ്കിലും അക്രമിയെ വേഗത്തിൽ കീഴ്പ്പെടുത്താൻ നാഷണൽ ഗാർഡുകൾക്ക് സാധിച്ചു. പരിക്കേറ്റ സൈനികരിൽ ഒരാൾ സ്ത്രീയാണ്. വെസ്റ്റ് വെർജീനിയ സ്വദേശികളാണ് ഇരുവരും. പ്രതിക്ക് പരുക്കേറ്റെങ്കിലും അവസ്ഥ ഗുരുതരമല്ല എന്നാണ് അധികൃതർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം