പ്രധാനമന്ത്രി മോദിയെ വരവേറ്റ് തിരുവാതിരക്കളിയുമായി ഇസ്രയേലിലെ മലയാളി സമൂഹം; 'പ്രവാസികൾ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനം'

Published : Feb 26, 2026, 02:51 PM IST
modi thiruvathirakkali

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ മലയാളി സമൂഹം തിരുവാതിരക്കളി അവതരിപ്പിച്ചു. മോദിയോടുള്ള സൗഹൃദത്തിന്റെ ഭാഗമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ വസ്ത്രം ധരിച്ചു.

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ തിരുവാതിരക്കളി അവതരിപ്പിച്ച് മലയാളി സമൂഹം. കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്. പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇസ്രയേൽ പാർലമെന്‍റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

"കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട്"- എന്നാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ച് കുറിച്ചത്.

ഇന്ത്യൻ വസ്ത്രം ധരിച്ച് നെതന്യാഹു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- "ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തി" എന്നാണ് നെതന്യാഹുവിന്‍റെ കുറിപ്പ്. മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഇത്. മോദി ഇസ്രയേലിൽ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, 2023 ഒക്ടോബർ 7-നുണ്ടായ ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണയെ പ്രശംസിച്ചു.

"പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവന്മാരും ഇവിടെ വരാറുണ്ട്. നമുക്കെല്ലാവർക്കും എപ്പോഴും ആവേശകരമായ നിമിഷമാണ് അത്. പക്ഷേ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണ്. ഇസ്രയേലിന്റെ മികച്ച സുഹൃത്തും ലോക വേദിയിലെ മികച്ച നേതാവുമാണ് അദ്ദേഹം. നരേന്ദ്ര, സുഹൃത്തിലുപരി നിങ്ങൾ എനിക്ക് സഹോദരനാണ്"- നെതന്യാഹു പറഞ്ഞു. ഹമാസ് ആക്രമണത്തിന് ശേഷം ഇന്ത്യയുടെ പിന്തുണ എടുത്തു പറഞ്ഞ നെതന്യാഹു, അക്രമത്തെ അപലപിച്ച ആദ്യത്തെ ലോക നേതാക്കളിൽ പ്രധാനമന്ത്രി മോദിയുണ്ടെന്ന് പറഞ്ഞു- "ഒക്ടോബർ 7 ലെ ഭീകരമായ ആക്രമണത്തിന് തൊട്ടുപിന്നാലെ, നിങ്ങൾ ഇസ്രയേലിനെ ധാർമ്മികമായി പിന്തുണച്ചു. നിങ്ങൾ പതറിയില്ല, നിങ്ങൾ ഇസ്രയേലിനൊപ്പം നിന്നു, ജൂതന്മാർക്കൊപ്പം നിന്നു. നന്ദി" എന്നാണ് നെതന്യാഹു പറഞ്ഞത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിക്കിനി ധരിച്ച രണ്ട് യുവതികൾക്ക് നടുവിൽ കോക്ക്ടെയിൽ നുണഞ്ഞ് മഹാശാസ്ത്രജ്ഞൻ; എപ്സ്റ്റീൻ ഫയലിലെ ചിത്രങ്ങളിൽ കുടുംബത്തിന്റെ വിശദീകരണം
നെതന്യാഹുവിന്റെ ചാണക്യനീക്കം, ഇന്ത്യയെ കൂട്ടുപിടിച്ച് ഷഡ്ഭുജ സഖ്യം വരുന്നു, മുസ്ലിം ഉമ്മത്തിന് ഭീഷണിയാണെന്ന് പാകിസ്ഥാൻ പ്രമേയം