ഗര്‍ഭഛിദ്ര നിയമം കടുപ്പിച്ചു; അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധവുമായി വനിതകള്‍

By Web TeamFirst Published Oct 3, 2021, 3:55 PM IST
Highlights

സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച 660 ഇടങ്ങളിലാണ് സമരം നടന്നത്. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ നിരോധിച്ചിരുന്നു.
 

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് (Abortion) അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ (USA) വനിതകളുടെ (Women) പ്രകടനം. വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരങ്ങള്‍ നടന്നത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച 660 ഇടങ്ങളിലാണ് സമരം നടന്നത്. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ (Texas) നിരോധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് നിയമം നടപ്പാക്കിയത്.

'എന്റെ ശരീരം, എന്റെ തീരുമാനം മുദ്രാവാക്യം' മുഴക്കിയാണ് വനിതകള്‍ നഗരങ്ങള്‍ കൈയടക്കിയത്. ഗര്‍ഭഛിദ്രം വ്യക്തി സ്വാതന്ത്ര്യമാണെന്നും നിയമപ്രശ്‌നമല്ലെന്നും സമരക്കാര്‍ ഉന്നയിച്ചു. റാലി ഫോര്‍ അബോര്‍ഷന്‍ ജസ്റ്റിസ് എന്നായിരുന്നു സമരത്തിന്റെ പേര്. നിങ്ങള്‍ എവിടെയായിരുന്നാലും ഈ നിമിഷം ഇരുണ്ടതാണെന്ന് പ്ലാന്‍ഡ് പാരന്റ്ഹുഡ് നേതാവ് അലക്‌സിസ് മക്ഗില്‍ ജോണ്‍സണ്‍ പറഞ്ഞു. ടെക്‌സാസില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഗര്‍ഭഛിദ്രത്തിനായി പോകേണ്ട സാഹചര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ടെക്‌സാസ് നിയമത്തെ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. 

ടെക്‌സാസ് നിയമം ഭരണഘടന ലംഘനമാണെന്നും താല്‍ക്കാലികമായി തടയണമെന്ന നീതിന്യായ വകുപ്പ് ഓസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി. ടെക്‌സാസ് നിയമത്തില്‍ കോടതി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഗര്‍ഭഛിദ്രം സ്റ്റേറ്റുകളുടെ നിര്‍ണയാവകാശത്തില്‍ ഉള്‍പ്പെടും. പിന്നെ ഗര്‍ഭഛിദ്രം നിരോധിക്കണമോ അനുവദിക്കണമോ എന്ന് സ്‌റ്റേറ്റുകള്‍ക്ക് തീരുമാനിക്കാം. സെപ്റ്റംബര്‍ ഒന്നിന് നിയമത്തെ എതിര്‍ക്കുന്നവരുടെ അപ്പീല്‍ കോടതി തള്ളിയിരുന്നു. 

click me!