രക്തം കട്ടപിടിക്കുന്നുവെന്ന് സംശയം; കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ

By Web TeamFirst Published Mar 11, 2021, 10:56 PM IST
Highlights

രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷൻ നിർത്തി വച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്. 

കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ.  നോർവേ, ഐസ്‌ലൻഡ്, ഡെന്മാർക് രാജ്യങ്ങളാണ് കൊവിഡ് വാക്സീൻ നല്‍കുന്നത് താൽകാലികമായി നിർത്തിയത്. ഓക്‌സ്ഫഡ് - അസ്ട്ര സെനേക്ക വാക്സീനാണ് നിർത്തിയത്. വാക്സീൻ ചിലരിൽ  പാർശ്വഫലം ഉണ്ടാക്കുന്നുവെന്ന് സംശയത്തേത്തുടര്‍ന്നാണ് നടപടി. വാക്സീൻ എടുത്ത ചുരുക്കം ചിലരിൽ രക്തം കട്ടപിടിക്കുന്നതായാണ് സംശയം.  രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷൻ നിർത്തി വച്ചിരിക്കുന്നത്.

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്. ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാവുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായ ഈ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ വിശദമാക്കുന്നു. എന്നാല്‍ രക്തം കട്ടയാവുന്നതും വാക്സീനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാക്സീൻ പൂർണ്ണ സുരക്ഷിതമെന്നാണ് അസ്ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്സിന്റെ പാർശ്വഫലം  അല്ലെന്നും അസ്ട്ര സെനേക്ക വ്യക്തമാക്കി. വാക്സീൻ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനുമുള്ളത്. 

click me!