
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലെ തെക്കൻ മേഖലയിൽ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് ട്രാൻസ് ജെൻഡർ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. കറാച്ചിയിലെ മേമൻ ഗോത്ത് പ്രദേശത്ത് ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പാകിസ്ഥാൻ പൊലീസ് വിശദമാക്കുന്നത്. ദേശീയപാതയ്ക്ക് സമീപത്തായാണ് വെടിയുണ്ട തറച്ച നിലയിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ ജാവേദ് അഹമ്മദ് അബ്രോ എഎഫ്‌പി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. മരിച്ചവർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇവരെ ആക്രമിക്കാനുള്ള കാരണവും ഇനിയും വ്യക്തമായിട്ടില്ല.
പാകിസ്ഥാനിൽ ഹിജ്‌റകൾ എന്നറിയപ്പെടുന്ന ട്രാൻസ്‌ജെൻഡർ ആളുകൾക്കെതിരായ അക്രമത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വിശദമാക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗമായ ട്രാൻസ്ജെൻഡറുകൾക്ക് അർഹമായ അന്തസും ബഹുമാനവും നൽകണമെന്ന് സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
2018 ൽ, ട്രാൻസ്‌ജെൻഡർ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സ്വന്തം ലിംഗ വ്യക്തിത്വം നിർണ്ണയിക്കാൻ അനുവദിക്കുന്നതിനുമുള്ള ഒരു ബില്ലിനെ പിന്തുണയ്ക്കാൻ പാകിസ്ഥാൻ സെനറ്റ് വോട്ട് ചെയ്തിരുന്നു. ട്രാൻസ്‌ജെൻഡർ അവകാശ നിയമത്തെ ആഗോളതലത്തിൽ പലരും പ്രശംസിച്ചിരുന്നുവെങ്കിലും നിയമത്തിലെ എന്നാൽ പ്രധാന ഭാഗങ്ങൾ പിന്നീട് ശരീഅത്ത് കോടതി റദ്ദാക്കുകയായിരുന്നു. രാജ്യത്ത് ഏകദേശം അര ദശലക്ഷം ട്രാൻസ്‌ജെൻഡർ പൗരന്മാരുണ്ടെന്നും അവർ തുടർച്ചയായ സാമൂഹിക ഒഴിവാക്കലും ദുരുപയോഗവും നേരിടുന്നുണ്ടെന്നും കണക്കുകൾ വിശദമാക്കുന്നത്. പാകിസ്ഥാനിലെ 90 ശതമാനം ട്രാൻസ്‌ജെൻഡർ ആളുകളും ശാരീരിക ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നാണ് ദി ലാൻസെറ്റ് ജേണലിൽ വന്ന 2023 ഒരു റിപ്പോർട്ട് വിശദമാക്കുന്നത്.