
ലണ്ടൻ: അകന്നു കഴിയുകയായിരുന്ന ഭാര്യയെ കുത്തി കൊലപ്പെടുത്തിയ 26 വയസുകാരനായ യുകെ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. യുവാവ് കുറഞ്ഞത് 28വര്‍ഷം എങ്കിലും ജയിലിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. യുകെയിലെ ബ്രാഡ്ഫോര്‍ഡ് സ്ട്രീറ്റിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. യുകെയിലെ ബേണ്‍ലേയിൽ കഴിയുന്ന ഹബിബുര്‍ റഹ്മാനെ (26) ആണ് ശിക്ഷിച്ചത്.
കൊലപാതകം, ഭീഷണിപ്പെടുത്തൽ, ആക്രമണം, ശല്യം ചെയ്യൽ തുടങ്ങിയ വിവിധ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ ശിക്ഷ വിധിച്ചത്. യുകെയിൽ തന്നെ കഴിയുന്ന കുൽസമ അക്തറിനെയാണ് യുവാവ് കൊലപ്പെടുത്തിയത്. അപകടകാരിയും അക്രമകാരിയുമായ യുവാവ് ഹബിബുര്‍ റഹ്മാനെന്നും ഭാര്യയെ നിരന്തരം ആക്രമിച്ചിരുന്നതായും കോടതി വ്യക്തമാക്കി. പീഡനം സഹിക്കാൻ കഴിയാതെ യുവതി വീട് വിട്ട് ബ്രാഡ്ഫോര്‍ഡിൽ മറ്റൊരു വീട്ടിൽ കുഞ്ഞിനൊപ്പം താമസിച്ചുവരുകയായിരുന്നു.
ഇംഗ്ലണ്ടിലെ ക്രിമിനൽ കേസുകളിൽ വിചാരണ നടപടി കൈകാര്യം ചെയ്യുന്ന ക്രൗണ്‍ പ്രൊസിക്യൂഷൻ സര്‍വീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. അകന്നു കഴിയുകയായിരുന്ന ഭാര്യ താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് ക്രൂരകൊലാപതകം നടത്തിയത്. ഭാര്യയുടെ ഫോണിലെ ലോക്കേഷൻ ഉപയോഗിച്ചാണ് സ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് ഫോണിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. 2024ൽ ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുൽസമ അക്തര്‍ കുഞ്ഞിനെ ട്രോളിയിലിരുത്തി വീടിന് പുറത്തെ റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് കുൽസുമ അക്തര്‍ ആക്രമിക്കപ്പെട്ടത്. പട്ടാപകലാണ് ആക്രമണമുണ്ടായത്.
കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഹബിബുര്‍ റഹ്മാൻ യുവതിയുടെ കഴുത്തിലും മുഖത്തും നെഞ്ചിലും പലതവണ കുത്തുകയായിരുന്നു. 25ലധികം തവണയാണ് കത്തികൊണ്ട് യുവാവ് ആക്രമിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കത്തികൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവടക്കം മരണത്തിന് കാരണമായി. കൃത്യം നടത്തിയശേഷം ഹബിബുര്‍ റഹ്മാൻ ബസ് കയറിപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൂന്നു ദിവസത്തെ അന്വേഷണത്തിനുശേഷമാണ് പ്രതിയെ പിടികൂടാനായത്. കൊലപാതകത്തിനുശേഷം ഹബിബുര്‍ റഹ്മാൻ കുഞ്ഞിനെ എടുത്തുകൊണ്ടുപോയിരുന്നു.