
റോം: ദക്ഷിണ ഇറ്റലിയിലെ സർക്കസ് കേന്ദ്രത്തിൽ റിഹേഴ്‌സലിനിടെ പരിശീലകനെ കടുവകളുടെ സംഘം കൊന്നതായി റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
എറ്റോർ വെബെർ എന്ന 61കാരനായ സർക്കസ് പരിശീലകനാണ് പുഗ്‌ലിയ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ ട്രിഗിയാനോ എന്ന സർക്കസ് കേന്ദ്രത്തിൽ കൊല്ലപ്പെട്ടത്. നാല് കടുവകളാണ് ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അടിയന്തിര സാഹചര്യ സേവന വിഭാഗത്തിൽ നിന്നുള്ളവർ ഇടപെടുമ്പോഴേക്കും മൃതശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചെടുത്ത കടുവകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്.
യൂറോപ്പിലെ 20 രാജ്യങ്ങളടക്കം ലോകത്തിൽ 40 രാജ്യങ്ങൾ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗികമായെങ്കിലും വിലക്കിയിട്ടുണ്ട്.