Today’s News Headlines നിയമസഭ പ്രമേയത്തിന് മുന്നേ കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് യോഗം, ആഗോള അയ്യപ്പ സംഗമം, ഏഷ്യാകപ്പ് പോരാട്ടം

Published : Sep 20, 2025, 06:30 AM IST
vote

Synopsis

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണ യോഗം, പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ അയ്യപ്പ സംഗമം, ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങൾ, ബിസിസിഐ അധ്യക്ഷ ചർച്ചകൾ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ, ഒറ്റനോട്ടത്തിൽ അറിയാം

കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം, ഇന്ന് നിർണായക യോഗം

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എൽ ഡി എഫും യു ഡി എഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. ബി ജെ പി പരിഷ്കരണത്തെ പിന്തുണയ്ക്കുന്നുണ്ട്. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ യോഗത്തിൽ വിശദീകരിക്കും. 2002 ലെ പട്ടികയാണ് പരിഷ്കരണത്തിന് ആധാരമാക്കുന്നത്. പരിഷ്കരണ നടപടികളിൽ നിന്ന് കമ്മീഷൻ പിൻമാറില്ലെന്നതിനാൽ വോട്ട് ഉറപ്പിക്കാൻ ജാഗ്രതയോടെ സമീപിക്കാനാകും എതിർക്കുന്ന പാർട്ടി കളുടെയും നീക്കം.

പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി ഉദ്ഘാടനം; ബഹിഷ്കരിച്ച് പ്രതിപക്ഷവും ബിജെപിയും

തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത്.

ദില്ലിയിൽ ഹിന്ദു സംഘടനകളുടെ അയ്യപ്പ ഭക്ത സംഗമം

കേരളത്തിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമ നടക്കുമ്പോൾ ദില്ലിയിൽ അയ്യപ്പ ഭക്ത സംഗമം നടത്താനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. ശബരിമല സ്ത്രീപ്രവേശത്തിൽ ഭിന്ന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്രയടക്കം ഇന്ന് ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന ഭക്തസംഗമത്തിൽ പങ്കെടുക്കും. അയ്യപ്പ ഭക്തർക്കെതിരെയെടുത്ത കേസുകളടക്കം പിൻവലിക്കണമെന്നാണ് സംഗമത്തിന്‍റെ ആവശ്യം.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച തൃശൂ‍ർ സ്വദേശിയുടെ പോസ്റ്റുമോർട്ടം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീമിന്റെ മൃതേദഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിലാണ് രോഗിയെ എത്തിച്ചിരുന്നത്. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെങ്കിലും മരണകാരണം മറ്റെന്തിങ്കുലുമാണോ എന്ന് പരിശോധിക്കാനാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഏഴ് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

വിജയ് യുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ

തമിഴക വെട്രി കഴകം പ്രസിഡന്ർറും സൂപ്പർതാരവുമായ വിജയ് യുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ. നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടി വി കെ നൽകിയിട്ടുണ്ട്. വിജയ് യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ - സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളിൽ കയറരുത്, പൊലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. വിജയ് യുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യത യുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പരോക്ഷ വിമർശനങ്ങൾക്ക് വിജയ് ഇന്ന് മറുപടി നൽകിയേക്കും.

കവിയൂർ പൊന്നമ്മയുടെ ഓർമ്മകൾക്ക് ഒരാണ്ട്

മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയുടെ ഓർമ്മകൾക്ക് ഒരാണ്ട്. ആയിരം തിരിയിട്ട് തെളിഞ്ഞൊരു അമ്മ വിളക്ക് പോലെ മലയാള സിനിമയുടെ പൂമുഖത്ത് നിറഞ്ഞ നിന്ന കവിയൂർ പൊന്നമ്മ കഴിഞ്ഞ വർഷമാണ് യാത്രയായത്. ബാല്യത്തിൽ എം എസ് സുബ്ബലക്ഷ്മിയാകാൻ കൊതിച്ച പൊന്നമ്മ, പിന്നീട് സിനിമയിൽ അമ്മ വേഷങ്ങളുടെ പര്യായമായി മാറി. സുബ്ബലക്ഷ്മി എന്ന വലിയ മോഹം സഫലമാക്കാൻ ആ അമ്മയുടെ ആ വലിയ പൊട്ട് കടം കൊണ്ട കലാകാരി. 1959 ൽ നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക്. 62 ൽ 'ശ്രീരാമപട്ടാഭിഷേകം' എന്ന സിനിമയിലൂടെ വെള്ളിത്തിര അരങ്ങേറ്റം. കുടുംബിനി എന്ന ചിത്രത്തിൽ 2 മക്കളുള്ള അമ്മയുടെ വേഷത്തിൽ പൊന്നമ്മ അഭിനയിക്കുമ്പോൾ അവർക്ക് പ്രായം 19 വയസ്. ചെറുപ്രായത്തിൽ സത്യൻ മാഷിന്റേയും പ്രംനസീറിന്റെയും മധുവിന്റേയും അമ്മ വേഷം. അങ്ങനെ തുടങ്ങിയ അമ്മ വിളക്കാണ് പൊന്നമ്മ. ആറ് പതിറ്റാണ്ടിനിടെ എണ്ണൂറിലേറെ ചിത്രങ്ങൾ. മോഹൻലാലിന്റെ അമ്മയായി എത്തിയത് അൻപതോളം ചിത്രത്തിൽ. പൊന്നമ്മയും മോഹൻലാലും ഭഗവാൻ കൃഷ്ണനും ഒരുമിച്ചപ്പോഴെല്ലാം മലയാളി അത് ഹൃദയത്തിലേറ്റുവാങ്ങി.

ഏഷ്യാ കപ്പിൽ സൂപ്പർഫോർ പോരാട്ടം

ഏഷ്യാ കപ്പിൽ സൂപ്പർഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ശ്രീലങ്ക ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ നാളെ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. ഈ മാസം 23 ന് പാകിസ്ഥാൻ, ശ്രീലങ്കയെയും 24 ന് ഇന്ത്യ, ബംഗ്ലാദേശിനെയും നേരിടും. 25 ന് പാകിസ്ഥാൻ, ബംഗ്ലാദേശിനെയും 26 ന് ഇന്ത്യ, ശ്രീലങ്കയെയും നേരിടും. സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഈ മാസം ഇരുപത്തിയെട്ടിനാണ് ഫൈനൽ.

ഇന്ത്യ - ഓസ്ട്രേലിയ വനിതാ പോരാട്ടം

ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം വനിതാ ഏകദിന ഇന്ന് നടക്കും. ഇന്ന് ജയിക്കുന്നവർക്ക് പരന്പര സ്വന്തമാക്കാം. ദില്ലിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തിൽ ഓസീസ് എട്ട് വിക്കറ്റിന് ജയിച്ചു. രണ്ടാം മത്സരത്തിൽ 102 റൺസിന് ജയിച്ചാണ് ഇന്ത്യ പരന്പരയിൽ ഒപ്പമെത്തിയത്. രണ്ടാം മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഓസീസിന് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ പത്ത് ശതമാനമാണ് പിഴ അടയ്ക്കേണ്ടത്

ബിസിസിഐ തലപ്പത്ത് ദാദയോ? ഇന്ന് നിർണായക യോഗം

ബി സി സി ഐയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് ഇന്ന് വ്യക്തമായേക്കും. പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും. ബി സി സി ഐയിലെ ഉന്നത മേധാവികളും ബി ജെ പി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യൻ മുൻ നായകനും മുൻ ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ പേരിനാണ് മുൻതൂക്കമെന്നാണ് സൂചന. ഗാംഗുലിക്ക് ഒരിക്കൽ കൂടി ബി സി സി ഐ അധ്യക്ഷനാകാനുള്ള അവസരം നൽകണമെന്ന അഭിപ്രായം ബി സി സി ഐയിലും ബി ജെ പിയിലും ശക്തമാണ്. ഗാംഗുലിക്ക് പുറമേ ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇവരെ അധ്യക്ഷ സ്ഥാനത്തേക്കല്ലെങ്കിൽ ബി സി സി ഐയുടെ വിവിധ ചുമതലകളിൽ നിയോഗിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പോളണ്ടിക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'! വെനസ്വേലക്ക് സംഭവിക്കുന്നതുമായി ഇതിന് ബന്ധമുണ്ടോ? ട്രംപ് ലോകത്തോട് വിളിച്ചു പറയുന്നതെന്ത്?
ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം; പൈലറ്റിന്‍റെ നിർണായക തീരുമാനം, റൺവേ തൊടാതെ പറന്നുയർന്നു, വീഡിയോ