
ഭൂട്ടാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത ആഡംബര കാറുകളുമായി ബന്ധപ്പെട്ട കേസിൽ ഉടമകൾക്ക് കസ്റ്റംസ് നോട്ടീസും സമൻസും അയച്ചു. സി.പി.ഐയുടെ പുതിയ ദേശീയ നേതൃത്വത്തെ ഇന്ന് പ്രഖ്യാപിക്കും. അതേസമയം, പശ്ചിമബംഗാളിൽ മഴക്കെടുതിയിൽ മരണം പത്തായി. കെ.ജെ. ഷൈൻ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു തുടങ്ങി നിരവധി പ്രധാന വാർത്തകളാണ് ഇന്നറിയാനുള്ളത്.
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് കാ നോട്ടീസും സമൻസും നൽകും. 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഭൂട്ടാനിലെ നിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി.
സി.പി.ഐ.യുടെ പുതിയ നേതൃത്വത്തെ ഇന്ന് അറിയാം
തിരുവനന്തപുരം: സി.പി.ഐയുടെ പുതിയ ദേശീയ നേതൃത്വം ആരെന്ന് ഇന്ന് അറിയാം. പാർട്ടി കോൺഗ്രസിലെ ചർച്ചകൾ പൂർത്തിയാക്കി പുതിയ ജനറൽ സെക്രട്ടറി ആരാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് ധാരണയിലെത്തും. പുതിയ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ അംഗങ്ങളെയും ഇന്ന് തീരുമാനിക്കും. പുതിയ നേതൃത്വം വരണമെന്നതാണ് പൊതുവികാരമെന്ന് കേരള ഘടകം പറയുന്നു. പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന നിലപാട് കേരള ഘടകം ഒറ്റക്കെട്ടായി ചർച്ചകളിൽ ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്ര ഘടകങ്ങളും കേരളത്തിൻ്റെ ഈ നിലപാടിനോട് യോജിച്ചു.
പശ്ചിമബംഗാളിൽ മഴക്കെടുതി; മരണസംഖ്യ പത്തായി
പശ്ചിമബംഗാളിൽ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 10 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. ഇതിൽ ഒൻപത് പേരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. മഴക്കെടുതിയിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. ഇതിന്റെ ഫലമായി കൊൽക്കത്തയിലെ വിമാനത്താവളത്തിൽ ഇന്നലെ 90 വിമാന സർവീസുകൾ റദ്ദാക്കി. മെട്രോ, സബർബൻ റെയിൽവേ സർവീസുകളെയും മഴ സാരമായി ബാധിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ കൊൽക്കത്ത ഹൈക്കോടതിയുടെ പ്രവർത്തനവും തടസ്സപ്പെട്ടിരുന്നു. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായവും, കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് അറിയിച്ചു.
കെ.ജെ. ഷൈൻ സൈബർ അധിക്ഷേപക്കേസ്; പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി
കെ.ജെ. ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്. പ്രതികൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ.എം. ഷാജഹാനും ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും എത്തിയില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂന്നാം പ്രതിയായ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനോട് ഇന്ന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ വേദിയിൽ ഇന്ത്യക്കും ചൈനക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രധാന സ്പോൺസർമാർ ഇന്ത്യയും ചൈനയുമാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങളും ഉടൻ നിർത്തണമെന്നും, യൂറോപ്യൻ യൂണിയൻ ഇന്ത്യക്കും ചൈനക്കും എതിരെ ഉയർന്ന തീരുവകൾ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പ്രൈസിന് അർഹതയുണ്ടെന്ന് പറഞ്ഞ ട്രംപ്, ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും കൂട്ടിച്ചേർത്തു.
അബുദാബി: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് പാകിസ്താൻ ഫൈനൽ സാധ്യതകൾ നിലനിർത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. ഒരു ഘട്ടത്തിൽ 58 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ, അർദ്ധ സെഞ്ച്വറി നേടിയ കമിന്ദു മെൻഡിസിൻ്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ, ഹാരിസ് റൗഫും ഹുസൈൻ താലത്തും രണ്ട് വിക്കറ്റുകൾ വീതം നേടി.