
കൊളംബോ: ഈസ‍്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെയും കിഴക്കന്‍ നഗരമായ ബാട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും നേരെ നടന്ന ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് രഹസ്യമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
500ലേറെപ്പേര്‍ക്കാണ് വിവിധ സ്ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആറ് സ്ഫോടനങ്ങളാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഷാങ്ക്രി ലാ ഹോട്ടലിലെ സ്ഫോടനത്തിനായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്.
മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയര്‍ന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍നിന്നുള്ള അഞ്ച് ജെഡിഎസ് നേതാക്കളെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പറഞ്ഞു.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുകയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വിവിധ സംഘടനകളുടെ പേര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല. പുറത്തുനിന്നുള്ള സഹായമുപയോഗിച്ചാണ് ഇത്രയും വലിയ ഭീകരാക്രമണങ്ങള്‍ നടത്തിയതെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്‍ടിടിഇയുടെ കാലത്തുപോലും ഇത്രയും വലിയ ആക്രമണം ശ്രീലങ്കയില്‍ ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam