
സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ അടുത്ത അനുയായി 16ാം നിലയില്‍ നിന്ന് വീണ് മരിച്ചു. പുടിന്‍റെ വിശ്വസ്ത സൈനിക ഉദ്യോഗസ്ഥയെയാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കെട്ടിടത്തിലെ 16ാം നിലയിലെ ജനാലയിലൂടെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിനാ യാങ്കിന എന്ന 58 കാരിയായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥയാണ് മരിച്ചത്. പുടിനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്ന സംഭവത്തില്‍ ഒടുവിലത്തേത് ആണ് ഇതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്നു മരിനാ യാങ്കിന. ബുധനാഴ്ചയാണ് ഇവരുടെ മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിലയിലാണ് മരിനാ യാങ്കിനയുടെ മരണം അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണത്തിന് തൊട്ട് മുന്‍പ് ഇവര്‍ ഭര്‍ത്താവിനെ വിളിച്ചതായാണ് റഷ്യന്‍ ടെലിഗ്രാം ചാനലിനെ അടിസ്ഥാനമാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ സേനാ വിഭാഗത്തെയായിരുന്നു മരിനാ യാങ്കിന കൈകാര്യം ചെയ്തിരുന്നത്.
പ്രതിരോധ മന്ത്രാലയത്തിലെത്തുന്നതിന് മുന്‍പ് റഷ്യയിലെ ഫെഡറല്‍ ടാക്സ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം യുക്രൈനെതിരായി പുടിന്‍ ആക്രമണം നടന്നതിന് ശേഷം റഷ്യന്‍ പ്രസിഡന്‍റിന്‍റെ വിശ്വസ്ത ഉദ്യോഗസ്ഥരായ നിരവധിപ്പേരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. ഏറ്റവുമൊടുവിലായ റഷ്യന്‍ ഇന്‍റീരിയര്‍ മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ വ്ലാദിമിര്‍ മാക്കറോവിനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുടിന്‍റെ സജീവ വിമര്‍ശകനായ പവേല്‍ ആന്‍റോവ് ഡിസംബര്‍ മാസമാണ് മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam